സുരക്ഷാഗാര്‍ഡിനെ കുത്തിക്കൊന്നുവെന്ന് കേസ്; ഗുസ്തി ചാംപ്യനെ തൂക്കിലേറ്റി ഇറാന്‍

hanged

ടെഹ്‌റാന്‍: സുരക്ഷാ ഗാര്‍ഡിനെ കുത്തിക്കൊന്ന കേസില്‍ ഗുസ്തി ചാംപ്യന്‍ നവീദ് അഫ്കാരി (27) യെ തൂക്കിലേറ്റി ഇറാന്‍. 2018ല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ജലവിതരണ കമ്പനിയിലെ സുരക്ഷാജീവനക്കാരനായ ഹസന്‍ തുര്‍ക്ക്മാന്‍ വധിച്ചുവെന്ന കേസിലാണ് ഗ്രീക്കോ റോമന്‍ ഗുസ്തിയിലെ സൂപ്പര്‍താരമായിരുന്ന നവീദിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ കേസില്‍ നവീദിനെ കുറ്റസമ്മതം നടത്താന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കായികതാരങ്ങള്‍ എന്നിവര്‍ നവീദിന്റെ മോചനത്തിനായി ശബ്ദമുയര്‍ത്തിയിരുന്നു. വധശിക്ഷ നടപ്പാക്കിയാല്‍ ഇറാനെ ലോക കായിക വേദിയില്‍നിന്നു വിലക്കണമെന്നു 85,000 കായികതാരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, നവീദിന്റെ കുറ്റസമ്മത വിഡിയോ ഇറാന്‍ പുറത്തുവിട്ടിരുന്നു. ഇതേ കേസില്‍ നവീദിന്റെ സഹോദരങ്ങളായ വഹീദ് 54 വര്‍ഷവും ഹബീബ് 27 വര്‍ഷവും തടവുശിക്ഷ അനുഭവിച്ചുവരികയാണ്.

ഇറാന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി പ്രതികരിച്ചു. ലോകത്തുള്ള ആയിരക്കണക്കിന് അത്ലറ്റുകളുടെ അപേക്ഷ ഇറാന്‍ തള്ളിയത് മനുഷ്യത്വരഹതിമാണെന്നും കമ്മിറ്റി അറിയിച്ചു. രഹസ്യമായി വധശിക്ഷ നടപ്പാക്കിയത് ഭീകരമായ അവസ്ഥയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു

Top