ഗൾഫ് മേഖലയും സംഘർഷഭരിതമാകും, ഇറാനെ തൊട്ടാൽ വലിയ പ്രത്യാഘാതം

റാനെ ആക്രമിച്ച് മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള നീക്കമാണ് അമേരിക്ക ഇപ്പോള്‍ നടത്തി വരുന്നത്. ഉപരോധമെന്ന കെണി ഒരുക്കി ഇറാനിലെ എട്ടു കോടിയിലധികം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കി ആക്രമിക്കുക എന്നതാണ് തന്ത്രം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമാണ് പ്രകോപനത്തിന് കാരണമെന്നാണ് അമേരിക്കന്‍ വാദം. എന്നാല്‍ ഇത് വസ്തുതക്ക് നിരക്കുന്നതല്ല.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇറാനുമായി ഒപ്പുവച്ച ആണവകരാറില്‍ നിന്നും ട്രംപ് ഭരണകൂടം പിന്‍മാറിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇതിന് പിന്നില്‍ അമേരിക്കയുടെ ഗൂഢലക്ഷ്യം വ്യക്തമാണ്.

ഇറാനുമായി ഒരു രാജ്യവും വ്യാപാര ബന്ധം തുടരരുതെന്ന ഉത്തരവും ഇത്തരമൊരു നിലപാടിന്റെ ഭാഗമാണ്. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ചൈനയും ഇന്ത്യയും ആണ്.

ഇന്ത്യ ഇപ്പോള്‍ അമേരിക്കന്‍ നിര്‍ദ്ദേശത്തിന് വഴങ്ങിയിട്ടുണ്ടെങ്കിലും ചൈന തള്ളിക്കളഞ്ഞിട്ടുണ്ട്. റഷ്യയും അമേരിക്കയുടെ ഈ നിലപാടിന് എതിരാണ്. സൈനികമായ ഒരാക്രമണം ഇറാനുമേല്‍ ഉണ്ടായാല്‍ ചൈനയും റഷ്യയും സ്വീകരിക്കുന്ന നിലപാടായിരിക്കും ഇനി നിര്‍ണ്ണായകമാകുക.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയുല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാന്‍. 2025 നുള്ളില്‍ ഉല്‍പാദനം ഇരട്ടിയാക്കാനുള്ള പദ്ധതിയിലായിരുന്നു ഇറാന്‍. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉപരോധം വന്നത്.ഇറാന്റെ എണ്ണ സമ്പത്ത് കയ്യടക്കി എണ്ണ മേഖലയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

ഒരു രാജ്യത്തെ സേനയെ ഭീകര സംഘടനയായി മുദ്രകുത്തുക എന്ന സാഹസം പോലും അമേരിക്ക ഇറാനോട് കാണിച്ചു. ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്ത നിലപാടാണത്. എത് ‘രാജാവിനെ’ പ്രീതിപ്പെടുത്താനായാലും കൈവിട്ട കളിയാണത്.

ഓരോ രാജ്യത്തും ഓരോ നിയമങ്ങള്‍ ഉണ്ട്. അതിന് അനുസരിച്ചാണ് അവിടുത്തെ സേനകളും സംവിധാനങ്ങളും പ്രവര്‍ത്തിക്കുക.പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തലവെട്ടല്‍ നടക്കുന്ന രാജ്യത്തെയോ, അവിടുത്തെ സേനയേയോ വിമര്‍ശിക്കാന്‍ ഇതുവരെ അമേരിക്ക തയ്യാറായിട്ടില്ല. എന്നിട്ടാണിപ്പോള്‍ ഇറാന്റെ സേനയില്‍ ഭീകരത കാണുന്നത്.

18,000 വര്‍ഷം മുമ്പേ തന്നെ സ്ഥിരവാസികളായ ഒരു ജനതയുടെ സംസ്‌കാരം ഉള്ള രാജ്യമാണ് ഇറാന്‍. 1979 ഏപ്രില്‍ ഒന്നു മുതലാണ് ഇറാന്‍ ഒരു ഇസ്‌ലാമിക ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. ലോകത്ത് അമേരിക്കയുടെ പ്രതിയോഗികളില്‍ നിലവില്‍ ഒന്നാം സ്ഥാനമാണ് ഇറാനുള്ളത്. ഈ പരമ്പരാഗത ശത്രുതയാണ് ഇപ്പോള്‍ ആക്രമണത്തിന് അമേരിക്കയെ പ്രേരിപ്പിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഈ ദുഷ്ട ബുദ്ധിയും താല്‍പ്പര്യവും ശരിക്കും അറിയാവുന്നത് കൊണ്ട് തന്നെയാണ് കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ പോലും ട്രംപിനെ പിന്തുണക്കാതെ ഇരിക്കുന്നത്.അമേരിക്കക്കു പുറമെ റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ഇറാനുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

ഇപ്പോഴത്തെ ഉപരോധങ്ങള്‍ ആലോചിക്കാത്തതും മന:പൂര്‍വ്വവുമാണെന്ന റഷ്യയുടെ പ്രതികരണത്തില്‍ തന്നെ നിലപാട് വ്യക്തമാണ്. കാര്യമില്ലാതെ ഒരു രാജ്യത്തെ വരിഞ്ഞുമുറുക്കരുതെന്നാണ് ചൈനയുടെയും നിലപാട്.

ഇറാഖിന്റെ കാര്യത്തില്‍ മുന്‍പ് സ്വീകരിച്ചതു പോലെ ലോക പൊലീസ് ചമയാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഈ രാജ്യങ്ങളും മനസ്സിലാക്കി കഴിഞ്ഞു. ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചെങ്കിലും അമേരിക്കയെ സഹായിക്കാന്‍ തയ്യാറാകില്ല. ഗള്‍ഫ് രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യക്ക് പ്രിയ്യപ്പെട്ട രാജ്യമാണ് ഇറാന്‍. പ്രത്യേകിച്ച് പാക്കിസ്ഥാന് എതിരായ നീക്കത്തില്‍ ഈ രാജ്യത്തിന്റെ സഹായം അനിവാര്യവുമാണ്.

ഇറാന് മേല്‍ അമേരിക്കയുടെ ബോംബറുകള്‍ പറന്നാല്‍ തിരിച്ച് അമേരിക്കക്ക് പണി കിട്ടാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. ഉദ്ദേശിച്ച രൂപത്തില്‍ ഒതുങ്ങില്ല ആ യുദ്ധം. അമേരിക്കന്‍ സൈന്യത്തിന് താവളം ഒരുക്കുന്ന ഗള്‍ഫ് രാജ്യങ്ങളും ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.ഇറാഖിനു മേല്‍ അമേരിക്ക സ്ഥാപിച്ച ആധിപത്യം പോലെ നിസാരമല്ല ഇറാനെ ആക്രമിക്കുക എന്നത്.

ഇറാന്‍ പുറത്തുവിട്ട ഒരു വിഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണിപ്പോള്‍ ലോകരാഷ്ട്രങ്ങള്‍. അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാന്‍ ഡ്രോണ്‍ പകര്‍ത്തിയ വീഡിയോ ആയിരുന്നു അത്. എച്ച്ഡി മികവോടെയുള്ള വിഡിയോയാണ് ഇറാന്‍ പുറത്തുവിട്ടത്.

അമേരിക്കന്‍ പടക്കപ്പലുകളുടെ സമീപത്തുകൂടെ ചെറിയ വസ്തുക്കള്‍ പറന്നാല്‍പ്പോലും അറിയുന്ന അമേരിക്കന്‍ സൈന്യം ഇറാന്റെ ഡ്രോണ്‍ കണ്ടില്ലെന്നത് അവരുടെ കഴിവില്ലായ്മയും ഇറാന്റെ കഴിവുമാണ് ബോധ്യപ്പെടുത്തുന്നത്.

കപ്പലില്‍ ലാന്‍ഡ് ചെയ്തിരിക്കുന്ന ഓരോ പോര്‍വിമാനത്തിന്റെയും പേര് പോലും ഇറാന്‍ പുറത്തുവിട്ട വിഡിയോയിലുണ്ട്. എന്തുകൊണ്ട് കപ്പലിലെ റഡാര്‍ ഇറാന്റെ ഡ്രോണ്‍ കണ്ടില്ല എന്ന ചോദ്യത്തിന് പ്രതിരോധ വിദഗ്ധര്‍ക്ക് പോലും വ്യക്തമായ മറുപടിയില്ല.അതേസമയം, സൗദിയുടെ എണ്ണകപ്പല്‍ ഇറാന്‍ തകര്‍ത്തെന്ന ആരോപണം തെളിയിക്കാന്‍ ഇതുവരെ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് കാരണമുണ്ടാക്കാനുള്ള കഴുകന്റെ തന്ത്രമായി മാത്രമേ ലോകം ഈ ആരോപണത്തേയും കാണുന്നൊള്ളു.

ഉത്തര കൊറിയയുടെ ചരക്കുകപ്പലുകള്‍ പിടിച്ചെടുത്ത അമേരിക്കന്‍ നടപടിയും പുതിയ പോര്‍മുഖം തുറക്കാന്‍ കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ നടപടിയെടുക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടു കഴിഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങള്‍ അമേരിക്ക ലംഘിക്കുകയാണെന്നാണ് ഉത്തര കൊറിയയുടെ ആരോപണം.ചരക്കു കപ്പല്‍ പിടിച്ചെടുത്ത കാര്യം അമേരിക്ക തന്നെ ആയിരുന്നു പുറം ലോകത്തെ അറിയിച്ചിരുന്നത്.ഉപരോധം മറികടന്നെന്ന് ആരോപിച്ച് ഇന്തോനേഷ്യന്‍ തീരത്ത് നിന്നാണ് കപ്പല്‍ പിടിച്ചെടുത്തിരുന്നത്.

ഇറാന്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നു എന്ന് ആരോപിക്കുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയമാണ് ഈ പ്രവര്‍ത്തിയിലൂടെ പുറത്ത് വന്നത്. ഇറാന്‍ ഭരണകൂടത്തെ പോലെ പക്വമായ ഒരു പെരുമാറ്റം ഈ കമ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ നിന്നും അമേരിക്ക പ്രതീക്ഷിക്കരുത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മുന്‍പ് ട്രംപുമായി ചര്‍ച്ചക്ക് തയ്യാറായത് തന്നെ ചൈനയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

അമേരിക്കയെ തകര്‍ക്കാനുള്ള മിസൈല്‍ അണിയറയില്‍ ഉണ്ട് എന്നതാണ് കിം ജോങ് ഉന്നിന്റെ ധൈര്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഇപ്പോള്‍ ബന്ധം വഷളായിട്ടുണ്ട്. ആണവ പരീക്ഷണവുമായി ഉത്തര കൊറിയ മുന്നോട്ട് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ അമേരിക്ക ഇറാനെ ലക്ഷ്യമിട്ടാല്‍ അവസരം കിം ജോങ് ഉന്നും ഉപയോഗപ്പെടുത്തിയേക്കും.

Express Kerala View

Top