അമേരിക്കയ്ക്ക് ‘കടുത്ത’ തിരിച്ചടി ഉടന്‍; കലി അടങ്ങാതെ ഇറാന്‍; ട്രംപിന്റെ നിലപാട് തള്ളി?

ഖാസിം സുലൈമാനിയുടെ വധത്തിന് അമേരിക്കന്‍ സൈനിക താവളങ്ങളില്‍ മിസൈല്‍ അക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് എതിരെ കൂടുതല്‍ കടുപ്പമേറിയ പ്രതികാര നടപടി ഉടന്‍ ഉണ്ടാകുമെന്ന് ഇറാന്‍. മുതിര്‍ന്ന കമ്മാന്‍ഡര്‍ അബ്ദൊള്ളാ അറാഗിയാണ് പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇസ്ലാമിക് റിപബ്ലിക് ഒതുങ്ങുന്നതായി ഡൊണാള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇതിന് വിരുദ്ധമായ നിലപാട് ഇറാന്‍ എടുത്തിരിക്കുന്നത്.

ഇറാന്റെ പരമോന്നത നേതാവ് അയാത്തുള്ളാ അലി ഖമനെനിയും ഇക്കാര്യത്തില്‍ സൂചന നല്‍കി. സഹകരണം തേടിയ ട്രംപിന്റെ ആവശ്യം ഇറാന്റെ യുഎന്‍ അംബാസിഡര്‍ തള്ളിക്കളഞ്ഞു. ഇതോടെ മിഡില്‍ ഈസ്റ്റ് പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന ആശങ്കയും പുറത്തുവരികയാണ്. ഇറാഖിലെ അമേരിക്കന്‍ ബേസുകളിലേക്ക് 22 ബാലിസ്റ്റിക് മിസൈല്‍ അയച്ചെങ്കിലും ഒരു അമേരിക്കന്‍ അംഗത്തിന് പോലും പരുക്കേറ്റിരുന്നില്ല.

മിസൈല്‍ അക്രമണം അമേരിക്കയുടെ മുഖത്ത് നല്‍കിയ അടിയാണെന്ന് ഖമനേനി ഇന്നലെ ടെലിവിഷനില്‍ അഭിസംബോധന ചെയ്യവെ വ്യക്തമാക്കിയിരുന്നു. പ്രതികാരത്തിന്റെ ചോദ്യം മറ്റൊരു വിഷയമാണെന്നും പരമോന്നത നേതാവ് കൂട്ടിച്ചേര്‍ത്തു. സുലൈമാനിയുടെ വധത്തില്‍ കടുത്ത പ്രതികാര നടപടി തന്നെ സ്വീകരിക്കുമെന്നാണ് ഖമനേനി നേരത്തെ വ്യക്തമാക്കിയത്.

സുലൈമാനിയെ വളരെ നേരത്തെ തന്നെ വധിക്കേണ്ടതായിരുന്നു എന്നാണ് ട്രംപ് വധത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. അമേരിക്കന്‍ സേനകള്‍ എന്തിനും തയ്യാറാണ്. ഇറാന്‍ നിലപാട് മയപ്പെടുത്തുന്നതായാണ് കരുതുന്നത്. ഇത് ലോകത്തിന് തന്നെ നല്ലതാണ് എന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍ തങ്ങള്‍ ഒതുങ്ങാന്‍ തയ്യാറല്ലെന്ന ഇറാന്റെ നിലപാട് ആശങ്കയാകുകയാണ്.

Top