യുറേനിയം സമ്പുഷ്ടീകരണം വേഗത്തിലാക്കി ഇറാന്‍; മെരുക്കാന്‍ ഇന്ത്യ ഇടനിലക്കാര്‍?

Hassan Rouhani

രാജ്യത്തിന്റെ യുറേനിയം സമ്പൂഷ്ടീകരണ പദ്ധതിയില്‍ ഇപ്പോള്‍ പരിധികളില്ലെന്ന് ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. തങ്ങളുടെ മുതിര്‍ന്ന ജനറലിന്റെ വധത്തിന് പകരമായി ആഗോള ആണവ കരാര്‍ വലിച്ചെറിഞ്ഞാണ് ഇറാന്‍ ആണവ പദ്ധതി പുനരുജ്ജീവിച്ചത്. കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് നടത്തിയിരുന്ന യുറേനിയം സമ്പുഷ്ടീകരണത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.

ഇറാന് മേല്‍ സമ്മര്‍ദം ഉയരുന്നുണ്ടെങ്കിലും നമ്മുടെ പദ്ധതികളും പുരോഗമിക്കുകയാണ്, റുഹാനി ടെലിവിഷന്‍ അഭിസംബോധനയില്‍ പറഞ്ഞു. സ്വന്തം ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് തൊട്ടരികിലേക്ക് ഇറാന്‍ നീങ്ങുന്നതായുള്ള ആശങ്കയാണ് പ്രസംഗത്തിന് പിന്നാലെ പടരുന്നത്. 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്‍മാറിയ 2015 കരാര്‍ സംരക്ഷിക്കാന്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്.

റുഹാനി ടെലിവിഷനില്‍ സംസാരിക്കുന്നതിനിടെ യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞന്‍ ഇന്ത്യയിലുള്ള ഇറാന്‍ വിദേശകാര്യ മന്ത്രിയെ കണ്ടു. സുപ്രധാനമായ കരാര്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ബ്രസല്‍സ് നടത്തിവരുന്നത്. സുപ്രധാനമായ ഘട്ടത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയത് വെറുതെയല്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ആണവ കരാര്‍ മുന്‍പത്തേക്കാളും ഇപ്പോള്‍ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് ജോസെപ് ബോറെല്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യൂറോപ്യന്‍ നയതന്ത്രജ്ഞന്‍ മാധ്യമങ്ങളെ കണ്ടത്. ഒരു വശത്ത് കരാറില്‍ നിന്നും പിന്‍വാങ്ങിയ ട്രംപ് മറുവശത്ത് ഇറാന് മേലുള്ള ഉപരോധങ്ങളും ശക്തിപ്പെടുത്തുകയാണ് ചെയ്തത്.

Top