ഇറാന്‍ ആക്രമണത്തെക്കുറിച്ച് വിവരം നല്‍കി; സൈനികര്‍ക്ക് രക്ഷപ്പെടാന്‍ 3 മണിക്കൂര്‍ ലഭിച്ചു!

റാന്‍ മിസൈല്‍ തൊടുക്കുന്നതിന് മുന്‍പ് യൂറോപ്യന്‍ എംബസി വഴി ആക്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ ആക്രമണ പദ്ധതി മുന്‍കൂര്‍ അറിയിച്ചാണ് ഇറാന്‍ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇറാന്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

സാറ്റലൈറ്റുകള്‍ വഴിയും, മറ്റ് സംവിധാനങ്ങളിലൂടെയും മിസൈല്‍ ആക്രമത്തെക്കുറിച്ച് യുഎസ് ഇന്റലിജന്‍സിന് പദ്ധതി മനസ്സിലാക്കാന്‍ പാകത്തിനാണ് തയ്യാറെടുപ്പുകള്‍ നടത്തിയതെന്ന് ടൈം മാഗസിന്‍ പറയുന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ ഇറാന്റെ ആക്രമത്തെക്കുറിച്ച് വിവരം ലഭിച്ച യുഎസ് ബേസിലെ സൈനികര്‍ ഇതിന് മുന്നൊരുക്കം നടത്തുകയും ചെയ്‌തെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

മണിക്കൂറുകള്‍ക്ക് മുന്‍പ് സൂചന കിട്ടിയതോടെ ഒരു യുഎസ് മിലിറ്ററി ഓഫീസര്‍ ബേസുകളില്‍ ഒന്നില്‍ സന്ദര്‍ശനം നടത്തി എവിടെയൊക്കെ അക്രമം പ്രതീക്ഷിക്കാമെന്ന് വിവരം നല്‍കിയതായും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി സ്വീകരിക്കുന്നത്. ഇറാഖ് ബേസില്‍ സൈനികരെ കൊല്ലാന്‍ തന്നെയാണ് ഇറാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

യുഎസുമായി ഏറ്റുമുട്ടാന്‍ ഇപ്പോഴും ഇറാന്‍ തയ്യാറാണെന്ന നിലപാട് തന്നെയാണ് ആര്‍മി ജനറല്‍ പങ്കുവെയ്ക്കുന്നത്. ഇറാഖ് പ്രധാനമന്ത്രിക്ക് ലഭിച്ച വിവരത്തിലും എവിടെയാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന വിവരം ലഭ്യമായിരുന്നില്ല.

Top