കോവിഡില്‍ നിന്നും സ്വന്തം സൈന്യത്തെ രക്ഷിക്കൂ,എന്നിട്ടാകാം ഭീഷണി; ട്രംപിനോട് ഇറാന്‍

വാഷിങ്ടന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനു പകരം തങ്ങളുടെ സൈന്യത്തെ കൊറോണ വൈറസ് ബാധയില്‍നിന്ന് രക്ഷിക്കുന്നതില്‍ അമേരിക്ക കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇറാനിയന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബോള്‍ഫാസല്‍ ഷെക്കാര്‍ച്ചി.

അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍
അവരുടെ എല്ലാ ഗണ്‍ബോട്ടുകളും തകര്‍ത്ത് തരിപ്പണമാക്കും എന്ന ട്രംപിന്റെ ട്വീറ്റിന് മറുടിയായിട്ടായിരുന്നു ഇറാനിയന്‍ സൈനിക വക്താവിന്റെ പ്രതികരണം.

‘ഞങ്ങളുടെ കപ്പലുകളെ കടലില്‍ ഉപദ്രവിച്ചാല്‍ എല്ലാ ഇറാനിയന്‍ ഗണ്‍ബോട്ടുകളും വെടിവെച്ചിടുകയും തകര്‍ക്കുകയും ചെയ്യാന്‍ ഞാന്‍ യുഎസ് നാവികസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ഇറാനിയന്‍ നാവികസേനയുടെ 11 കപ്പലുകള്‍ ഗള്‍ഫ് മേഖലയിലുള്ള യുഎസ് നാവികസേനയുടേയും കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു ഈ സംഭവം. അപകടകരവും പ്രകോപനപരവുമാണെന്നാണ് യുഎസ് സൈന്യം ഇതിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി ട്വീറ്റും വന്നത്.

Top