ഖത്തറിന്റെ മധ്യസ്ഥത; തടവിലുള്ള പൗരന്മാരെ പരസ്പരം കൈമാറാൻ ധാരണയായി ഇറാനും യുഎസും

ദോഹ : തടവിൽ കഴിയുന്ന 5 വീതം പൗരന്മാരെ പരസ്പരം കൈമാറാൻ യുഎസും ഇറാനും ധാരണയായി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് പൗരന്മാരെ കൈമാറുന്നത്. യുഎസ് ഉപരോധം മൂലം മരവിപ്പിക്കപ്പെട്ട ഇറാന്റെ 600 കോടി ഡോളറിന്റെ നിക്ഷേപം വിട്ടു നൽകാനും ധാരണയായി. ഖത്തറിന്റെ വിമാനത്തിൽ ഇറാൻ തടവിലാക്കിയ 5 യുഎസ് പൗരന്മാരെ ദോഹയിലെത്തിക്കും. അവിടെ നിന്ന് യുഎസിലേക്കു പോകും. യുഎസിൽ മോചിപ്പിക്കപ്പെടുന്ന ഇറാൻ പൗരന്മാർ 2 പേർ യുഎസിൽ തുടരുമെന്നും 3 പേർ നാട്ടിലേക്കു തിരിച്ചെത്തുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാനും വൻശക്തികളുമായുള്ള ആണവക്കരാറിൽനിന്നു ട്രംപ് ഭരണകാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. എണ്ണവ്യാപാരത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെ ഇറാൻ നിക്ഷേപമാണു 2018ൽ യുഎസ് മരവിപ്പിച്ചത്. ഈ തുക ഖത്തറിനു കൈമാറും.

അതേസമയം ബൈഡൻ സർക്കാർ യുഎസ് പൗരന്മാരെ മോചിപ്പിക്കാൻ കൈക്കൂലി നൽകുന്നുവെന്നാണു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചത്. ചാരവൃത്തി ആരോപിച്ച് രണ്ടു വ്യവസായികളും പരിസ്ഥിതി പ്രവർത്തകനും അടക്കമുള്ളവരെയാണ് ഇറാൻ തടവിലാക്കിയത്. ഉപരോധലംഘനം ആരോപിച്ചാണ് വ്യവസായികളായ ഇറാൻ പൗരന്മാരെ യുഎസ് തടവിലിട്ടത്.

Top