ഇറാനെ ഭയന്ന് അവരും നിലപാട് മാറ്റി ! ഒരു യുദ്ധം യു.എ.ഇ ആഗ്രഹിക്കുന്നില്ലന്ന്

റാന്‍ – അമേരിക്ക സംഘര്‍ഷം പുതിയ വഴിതിരിവിലേക്ക്. ഇറാനെ ആക്രമിക്കുന്ന രീതിയിലേക്ക് അമേരിക്ക പോകരുതെന്ന നിലപാടിലാണിപ്പോള്‍ പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍.

ഒമാന്‍, ഷാര്‍ജ, ദുബായ് ഭരണാധികാരികള്‍ ഇത്തരം നിലപാട് സ്വീകരിച്ചതായാണ് വിവരം. സൗദിക്കും ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോകാന്‍ താല്‍പ്പര്യമില്ല.

അമേരിക്കയെ സഹായിക്കുന്ന അറബ് രാഷ്ട്രങ്ങളെ ആക്രമിക്കുമെന്ന ഇറാന്‍ ഭീഷണിയാണ് പിന്‍മാറ്റത്തിന് കാരണം. അമേരിക്ക തിരിച്ചടിച്ചാല്‍ ആദ്യം ദുബായ് – ഇസ്രയേല്‍ രാജ്യങ്ങളെ ആക്രമിക്കാനാണ് ഇറാന്റെ തീരുമാനം. അതവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ലോക വാണിജ്യ കേന്ദ്രമായ ദുബായ് ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യം യു.എ.ഇ ഭരണകൂടത്തിന് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ഇറാന്‍ ഭീഷണി വന്ന ഉടനെ ഇതു സംബന്ധമായി സൗദി രാജാവുമായി ദുബായ് ഭരണകൂടം ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. തങ്ങളുടെ ആശങ്ക ഇവര്‍ അമേരിക്കയെയും അറിയിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ദുബായില്‍ താല്‍പ്പര്യങ്ങളുള്ള മറ്റ് ചില രാജ്യങ്ങളും ശക്തമായ ഇടപെടലാണ് യുദ്ധം ഒഴിവാക്കാന്‍ നടത്തിയിരുന്നത്.

ഇറാന്റെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചു കൊള്ളാം എന്ന ഒരുറപ്പ് ഇവര്‍ക്കാര്‍ക്കും കൊടുക്കാന്‍ അമേരിക്കക്ക് പോലും കഴിഞ്ഞിരുന്നില്ല.

സ്വന്തം സൈനിക താവളങ്ങളെ സംരക്ഷിക്കുന്നതില്‍ പറ്റിയ പിഴവാണ് അമേരിക്കക്ക് തിരിച്ചടിയായത്. ഇറാന്റെ ഒരു മിസൈലിനെ പോലും തടയാന്‍ അമേരിക്കക്ക് ഇറാഖിലെ രണ്ട് സൈനിക താവളങ്ങളിലും കഴിഞ്ഞിരുന്നില്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച് ഇറാന്‍ നടത്തിയ ആക്രമണമായിട്ടും തടയാന്‍ കഴിയാതിരുന്നത് അമേരിക്കക്ക് വലിയ നാണക്കേടായിട്ടുണ്ട്.

ഒന്നും സംഭവിച്ചിട്ടില്ലന്ന ട്രംപിന്റെ വാദങ്ങളെ തള്ളുന്ന വിവരങ്ങളാണ് നിലവില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ബങ്കറില്‍ ഒളിച്ചിട്ടിം 11 അമേരിക്കന്‍ പട്ടാളക്കാര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭയന്നുപോയ മറ്റു സൈനികര്‍ക്ക് മാനസികാഘാതത്തിന് ചികത്സ നല്‍കി വരികയാണെന്നും സൈനിക നേതൃത്വം അറിയിച്ചിട്ടു
ണ്ട്.

2020 ജനുവരി എട്ടിന് നടന്ന ആക്രമണത്തില്‍ സേനാ താവളത്തിലുണ്ടായ പടക്കോപ്പുകള്‍ നശിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ബില്‍ യൂര്‍ബനാണ് അറിയിച്ചിരിക്കുന്നത്.

പരിക്കേറ്റവരില്‍ എട്ടു സൈനികരെ ജര്‍മനിയിലെ ലാന്‍ഡ്‌സ്റ്റുള്‍ റിജ്യണല്‍ മെഡിക്കല്‍ സെന്ററിലേക്കും മൂന്നു പേരെ കുവൈറ്റിലെ ക്യാംപ് അരിഫ് ജാനിലേക്കുമാണ് മാറ്റിയിരിക്കുന്നത്.

ഈ ആക്രമണത്തിലൂടെ അമേരിക്കന്‍ പ്രതിരോധം തകര്‍ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ലോകത്തിന് മുന്നില്‍ ഇറാന്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴും അമേരിക്കന്‍ എംബസി പരിസരത്ത് വരെ റോക്കറ്റ് ആക്രമണം നടത്തി വിറപ്പിക്കുന്നതും അമേരിക്കക്ക് പുല്ല് വില കല്‍പ്പിക്കാതെയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയെ സഹായിക്കുന്ന ഗള്‍ഫ് രാജ്യങ്ങളെ കൂടിയാണ് ഇതുവഴി ഇറാനിപ്പോള്‍ വിറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലുകള്‍ ചേദിക്കുമെന്നാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

സൗദിയെ സംബന്ധിച്ച് ഇറാന്റെ ‘പവര്‍’ ശരിക്കും അറിയുന്നവരാണ്. ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂതി വിമതരുടെ ആക്രമണത്തെ പോലും വളരെ പ്രയാസപ്പെട്ടാണ് ആ രാജ്യം പ്രതിരോധിക്കുന്നത്. ഇറാന്‍ നേര്‍ക്കു നേര്‍വന്നാല്‍ പണിപാളുമെന്ന് സൗദി ഭരണകൂടത്തിനും നന്നായറിയാം.

അമേരിക്ക നല്‍കിയ സൈനിക പ്രതിരോധ ടെക്‌നോളജിയാണ് സൗദിക്കുമുള്ളത്. യെമനിലെ ഹൂതി വിമതര്‍ക്ക് പോലും വിള്ളല്‍ വീഴ്ത്താവുന്ന ടെക്‌നോളജിയാണിത്.

ഷിയ – സുന്നി ഭിന്നതയാണ് ഇറാന്‍ – സൗദി ഉടക്കിന് മൂലകാരണം. യെമനിലെയും സിറിയയിലെയും വ്യോമാക്രമണങ്ങളാണ് സ്ഥിതി ഏറെ വഷളാക്കിയത്. സിറിയയില്‍ റഷ്യക്കൊപ്പം നിന്നാണ് ഭീകരരെ ഇറാന്‍ സേന തുരത്തുന്നത്. ഇവിടെ അമേരിക്കക്കൊപ്പമാണ് സൗദി. യെമനിലാകട്ടെ ഹൂതി വിമതര്‍ക്കൊപ്പമാണ് ഇറാന്‍. സൗദിയെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണിത്. എണ്ണ വില്‍പനരംഗത്തെ ഭിന്നതയാണ് ഉടക്കിനുള്ള മറ്റൊരു കാരണം. അതുകൊണ്ട് തന്നെ ഇറാനെ വരിഞ്ഞ് മുറുക്കാന്‍ അമേരിക്കയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതും സൗദിയാണ്. ട്രംപിന്റെ ഇറാന്‍ ഉപരോധത്തിന് പിന്നില്‍ സൗദിയുടെ ഇടപെടലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പക ആളിക്കത്തിക്കാനാണ് ഉപരോധമിപ്പോള്‍ കാരണമായിരിക്കുന്നത്.

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിക്കുക കൂടി ചെയ്തതോടെ പ്രതികാരം എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഇറാന്‍ മാറിയിട്ടുണ്ട്. ആണവായുധം നിര്‍മ്മിക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്.

അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണം കൊണ്ട് മാത്രം തിരിച്ചടി നിര്‍ത്താന്‍ ഇറാന്‍ തയ്യാറല്ല. തുടരെ തുടരെ ഇപ്പോള്‍ വിടുന്ന റോക്കറ്റുകളും ഇറാന്റെ പ്രകോപനങ്ങളാണ്.

അമേരിക്കയെ കൊണ്ട് തിരിച്ചടിപ്പിച്ച് അവരെ സഹായിക്കുന്ന രാജ്യങ്ങളെയുള്‍പ്പടെ ആക്രമിക്കാനാണ് ഇറാന്‍ നീക്കം നടത്തുന്നതെന്നാണ് ഇസ്രായേലും കരുതുന്നത്.

മുസ്ലീം രാജ്യമായ ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ കളി മാറും. ലോകവ്യാപകമായി സ്വന്തം സമുദായത്തില്‍ നിന്നു തന്നെ സൗദിക്കും സഖ്യരാജ്യങ്ങള്‍ക്കും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വരും. പ്രത്യേകിച്ച് ഇസ്രയേല്‍ അമേരിക്കക്കൊപ്പമായതിനാല്‍ വൈകാരികമായ പ്രതികരണത്തിനാണ് സാധ്യത. ഈ അപകടവും സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ മുന്നില്‍ കാണുന്നുണ്ട്. സൗദി ഭരണകൂടത്തിന് ഇറാനോടുള്ള പകയോളം എതിര്‍പ്പ് മറ്റ് അറബ് രാജ്യങ്ങള്‍ക്ക് ഇറാനോടില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.പേര്‍ഷ്യന്‍ പോരാളികളുടെ പോരാട്ട വീര്യത്തെ അഭിമാനമായി കാണുന്ന വലിയ ജനതയാണ് അറബ് ലോകത്തുമുള്ളത്. ഇറാന്‍ ആക്രമിക്കപ്പെടണമെന്ന് ഇവരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ല. അമേരിക്ക – ഇസ്രയേല്‍ കൂട്ട്‌കെട്ടിനെതിരെയാണ് ഇവിടങ്ങളിലെയും പൊതുവികാരം.

ഇറാനെ ആക്രമിക്കുന്ന നീക്കത്തെ പിന്തുണയ്ക്കാത്ത മറ്റൊരു അറബ്‌രാജ്യം ഖത്തറാണ്. യു.എ.ഇ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഖത്തറിനെ സഹായിച്ച രാജ്യം കൂടിയാണ് ഇറാന്‍.

ആയുധ ശക്തികളായ റഷ്യയും ചൈനയും ഇറാന്റെ നിലപാടിനൊപ്പം തന്നെയാണ് ഉറച്ച് നില്‍ക്കുന്നത്. ഇറാന്‍ സൈനിക ജനറലിനെ കൊന്ന അമേരിക്കന്‍ നടപടിയെ രൂക്ഷമായാണ് റഷ്യ വിമര്‍ശിച്ചിരുന്നത്.

ഇന്ത്യയുടെ നിലപാടും ഇക്കാര്യത്തില്‍ വ്യക്തമാണ്. ഇറാനെതിരായ ഒരു നിലപാടും സ്വീകരിക്കില്ലന്ന് ഇന്ത്യയും അമേരിക്കയെ അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ ഇറാന്‍ – അമേരിക്ക സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടാന്‍ പോലും ഇന്ത്യക്കാണ് ഇനി എളുപ്പത്തില്‍ കഴിയുക. ഇരു രാജ്യങ്ങളുമായി ഇന്ത്യക്കുള്ള പോലുള്ള സൗഹൃദം മറ്റൊരു രാജ്യത്തിനും നിലവില്‍ ഇല്ലന്നതും യാഥാര്‍ത്ഥ്യമാണ്. ഇറാന്‍ വിദേശകാര്യ മന്ത്രി തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ പങ്കാളികൂടിയാണ് ഇറാന്‍. ചബഗാര്‍ തുറമുഖം വഴി വലിയ കച്ചവട സാധ്യതയാണ് ഇന്ത്യക്ക് മുന്നില്‍ അവര്‍ തുറന്നിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലൂടെ ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് ഒരു ബദല്‍ കൂടിയാണിത്. ചരക്ക് നീക്കം മാത്രമല്ല, വേണ്ടിവന്നാല്‍ സൈനിക നീക്കവും ഇതുവഴി സാധ്യമാകും. അഫ്ഗാനിസ്ഥാനുമായി ചേര്‍ന്നാണ് ഇറാനും ഇന്ത്യയും ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം പശ്ചിമേഷ്യയിലിപ്പോള്‍ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ആക്രമണ സാധ്യത പൂര്‍ണമായും വിട്ടുമാറിയിട്ടില്ല. അമേരിക്കക്കെതിരെ കൂടുതല്‍ രൂക്ഷമായാണ് ഇറാന്‍ മുന്നോട്ട് പോകുന്നത്. ഇറാന്‍ സേന അബദ്ധത്തില്‍ ഉക്രയിന്‍ യാത്രാ വിമാനം വെടിവെച്ചിട്ടതിനെതിരെ നടക്കുന്ന പ്രതിഷേധമാണ് പ്രകോപനത്തിന് കാരണം. ഇറാന്‍ ജനതക്കൊപ്പമാണെന്ന അമേരിക്കയുടെ പ്രസ്താവനയാണ് അവരെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്. വിഷം പുരട്ടിയ കഠാര കൊണ്ട് കുത്താനാണ് ഈ സഹായ വാഗ്ദാനമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തന്നെ തുറന്നടിച്ചിരിക്കുന്നത്.

ഹൃദയത്തെ പുകച്ച വിമാന ദുരന്തത്തില്‍ രാജ്യം ദുഖിക്കുമ്പോള്‍ ഇറാന്‍ സേനയെ വിമര്‍ശിക്കാന്‍ അവസരം കിട്ടിയതിലാണ് ശത്രുക്കള്‍ സന്തോഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദു:ഖകരമായ വിമാന ദുരന്തം, ഖാസിം സുലൈമാനിയുടെ ജീവത്യാഗത്തെ മറയ്ക്കാന്‍ അനുവദിക്കരുതെന്നാണ് ഖമനേയി ഇറാന്‍ ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശത്രു വിമാനമാണെന്ന് കരുതി വെടിവച്ചിട്ടതാണെങ്കിലും ഇറാന്‍ സേനയുടെ ഈ ആക്രമണരീതിയും അമേരിക്കയുടെ ചങ്കിടിപ്പിക്കുന്നതാണ്.

ലക്ഷ്യം പിഴക്കാതെ ഏത് ശത്രു വിമാനത്തെയും ചാരമാക്കാന്‍ ഇറാന് കഴിയുമെന്നതുകൂടിയാണ് ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.

ബാഗ്ദാദിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമ്പോള്‍ തന്നെ തിരിച്ചടി ഇറാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ യാത്രാ വിമാനമാണെന്ന കാര്യം തിരിച്ചറിയാതെ പോയതാണ് ഇറാന്‍ സേനക്ക് പറ്റിയ അബദ്ധം. അതുകൊണ്ടാണ് അവര്‍ക്ക് വലിയ ജനരോഷവും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

ഈ ജനരോഷത്തെ ഇറാന്‍ സൈന്യത്തിനും ഭരണകൂടത്തിനും എതിരെ തിരിച്ചു വിടാനാണ് അമേരിക്ക ശ്രമിച്ചത്. ഭിന്നിപ്പിച്ച് സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വന്തം രാജ്യത്ത് ഇംപീച്ച്‌മെന്റ് നേരിടുന്ന പ്രസിഡന്റാണ് ഇറാന്‍ ജനതയെ പാട്ടിലാക്കാന്‍ വന്നതെന്നതുകൂടി നാം ഓര്‍ക്കണം. എന്നാല്‍ അമേരിക്കയുടെ ഈ തന്ത്രവും നിലവില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സാമ്രാജ്യത്വ കഴുകന്റെ താല്‍പ്പര്യങ്ങള്‍ ഇറാന്‍ ജനത തിരിച്ചറിഞ്ഞതാണ് ഇവിടേയും അമേരിക്കക്ക് പിഴക്കാന്‍ കാരണം.

Staff Reporter

Top