ഇറാൻ എംബസി വീണ്ടും സൗദിയിൽ; തുറക്കുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷം

റിയാദ് : ഏഴുവർഷങ്ങൾക്കുശേഷം സൗദി അറേബ്യയിൽ നാളെ എംബസി തുറക്കാൻ ഇറാൻ. ചൊവ്വാഴ്ച ആറുമണിക്കു സൗദിയിൽ ഇറാൻ എംബസി പ്രവർത്തനം ആരംഭിക്കും. അലി റിസ ഇനായത്ത് ആണു സൗദിയിലെ പുതിയ ഇറാൻ അംബാസഡർ. സൗദിയിൽ നാളെ ഇറാൻ എംബസി തുറക്കുമെങ്കിലും ടെഹ്റാനിൽ എംബസി തുറക്കുന്ന കാര്യത്തെക്കുറിച്ചു സൗദി ഇതുവരെ അറിയിപ്പു തന്നിട്ടില്ല.

ഇറാനിലെ തങ്ങളുടെ എംബസിയും മാഷാദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതിനെ തുടർന്നു 2016ല്‍ ഇറാനുമായുള്ള ബന്ധം സൗദി അവസാനിപ്പിച്ചിരുന്നു. മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിലാണ് ഏഴു വർഷം നീണ്ട ശത്രുത അവസാനിപ്പിച്ച് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇരുരാജ്യങ്ങളും കരാറായത്. ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മധ്യസ്ഥതയിലായിരുന്നു മധ്യപൂർവദേശത്തെ വൻശക്തികളായ ഇറാനും സൗദിയും സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിനു രൂപം നൽകിയത്.

ഷിയാ പുരോഹിതൻ നിമ്ർ അൽ നിമ്‍റിനെ 2016ൽ സൗദി വധശിക്ഷയ്ക്കു വിധേയനാക്കിയതിനെ തുടർന്നാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. നിമ്ർ അൽ നിമ്‍റിന്റെ വധത്തിനു പിന്നാലെ ടെഹ്റാനിലെ സൗദി എംബസിയും മഷാദിലെ കോൺസുലേറ്റും ആക്രമിക്കപ്പട്ടിരുന്നു. എന്നാൽ ചൈനയിൽ മാർച്ചു 10ന് ഇരുരാജ്യങ്ങളും തമ്മിൽ അനുനയ ഉടമ്പടിയിൽ ഒപ്പുവച്ചു വീണ്ടും സൗഹൃദത്തിലാവുകയായിരുന്നു. ഇതിനു പിന്നാലെ എംബസി തുറക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അനുനയ ഉടമ്പടിയിൽ ഒപ്പുവച്ചതിനു പിന്നാലെ ഇറാന്റെ സഖ്യരാജ്യമായ സിറിയയുമായുള്ള ബന്ധം സൗദി പുനരാരംഭിക്കുകയും യെമനിൽ സമാധാനശ്രമങ്ങളുമായി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.

Top