കുര്‍ദിഷ് സേനയ്‌ക്കെതിരെ സംയുക്ത നീക്കത്തിനൊരുങ്ങി ഇറാനും തുര്‍ക്കിയും

അങ്കാറ:കുര്‍ദുകള്‍ക്കെതിരെ സംയുക്ത നീക്കത്തിനൊരുങ്ങി ഇറാനും തുര്‍ക്കിയും. കുര്‍ദിഷ് സേനയെ തകര്‍ക്കാനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി തുര്‍ക്കി വ്യക്തമാക്കി. എന്നാല്‍ മറ്റ് നീക്കങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കെതിരെ(പി.കെ.കെ) തുര്‍ക്കി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇറാനാകട്ടെ പി.കെ.കെയുടെ അനുബന്ധ പാര്‍ട്ടിയായ പി.ജെ.എ.കെ ക്കെതിരെയും(ഫ്രീ ലൈഫ് ഓഫ് കുര്‍ദിസ്താന്‍) പോരാട്ടം നടത്തി വരികയാണ്. ഈ രണ്ട് സംഘടനകളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് തുര്‍ക്കിയും ഇറാനും പറയുന്നത്. പി.കെ.കെ.യെ തുര്‍ക്കിയും അവരുടെ പടിഞ്ഞാറന്‍ സഖ്യകക്ഷികളും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഇരുസംഘടനകള്‍ക്കെതിരെയും പോരാടുക എന്നത് തുര്‍ക്കിയും ഇറാനും മുഖ്യ അജണ്ടയാക്കിയിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. രണ്ട് രാജ്യങ്ങളുടെയും സൈനിക തലവന്മാര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്ന് 2017ല്‍ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. 30 വര്‍ഷത്തോളമായി തുര്‍ക്കിയില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി കലാപം നടത്തുന്നു. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുണ്ട്.

Top