ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തം; മെഡിറ്ററേനിയന്‍ കടല്‍ അടയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍

ടെഹ്‌റാന്‍: ഗാസയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തുന്നതിനിടെ മെഡിറ്ററേനിയന്‍ കടല്‍ അടയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍. യു.എസ്സും അതിന്റെ സഖ്യകക്ഷികളും ഗാസയില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ തുടരുകയാണെങ്കില്‍ മെഡിറ്ററേനിയന്‍ കടല്‍ തങ്ങള്‍ക്ക് അടയ്‌ക്കേണ്ടിവരുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ പറഞ്ഞതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് എങ്ങനെയാണ് നടപ്പാക്കുക എന്ന് അദ്ദേഹം വിശദീകരിച്ചില്ല.

‘മെഡിറ്ററേനിയന്‍ കടലും ജിബ്രാള്‍ട്ടര്‍ കടലിടുക്കും മറ്റ് ജലപാതകളും അടയ്ക്കുന്നത് കാണാന്‍ അവര്‍ക്ക് അധികം കാത്തിരിക്കേണ്ടി വരില്ല’, റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ നഖ്ദിയെ ഉദ്ധരിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.

മെഡിറ്ററേനിയന്‍ കടലിലേക്ക് ഇറാന് നേരിട്ടുള്ള പ്രവേശനമാര്‍ഗം ഇല്ല. അതിനാല്‍ തന്നെ മെഡിറ്ററേനിയന്‍ കടല്‍പാത എങ്ങനെയാണ് ഇറാന്‍ അടയ്ക്കുക എന്ന കാര്യത്തില്‍ വ്യക്തതയുമില്ല. ലെബനനിലെ ഹിസ്ബുള്ളയും സിറിയയിലെ സഖ്യസേനയുമാണ് മെഡിറ്ററേനിയന്‍ പ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ആകെയുള്ള സംഘങ്ങള്‍.

ഗാസയില്‍ ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസിന് ശക്തമായ പിന്തുണയാണ് ഇറാന്‍ നല്‍കുന്നത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് അമേരിക്കയെയാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. ഇസ്രയേലിന്റെ തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ ആയിരക്കണക്കിന് പേരാണ് ഗാസയില്‍ കൊല്ലപ്പെടുന്നത്.

ചെങ്കടല്‍വഴി കടന്നുപോകുന്ന ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ചില കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഇതോടെ വിവിധ കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ യാത്ര ഒഴിവാക്കി മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികരണമായാണ് ഹൂതികള്‍ കപ്പല്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്.

Top