ഇറാന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കി ദേശീയ ടിവി അവതാരകയുടെ രാജി!

രാജ്യത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോള്‍ എരിതീയില്‍ എണ്ണകോരി ഒഴിച്ച് ഇറാന്‍ ദേശീയ ടെലിവിഷന്‍ അവതാരകയുടെ രാജി. 13 വര്‍ഷക്കാലമായി ജോലിയില്‍ ഇരുന്ന് നുണ പറഞ്ഞ് വരികയാണെന്ന് വ്യക്തമാക്കിയാണ് അവതാരകയുടെ രാജി. ‘നമ്മുടെ ആളുകളും കൊല്ലപ്പെടുകയാണെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്’, ജെലാര്‍ ജബ്ബാരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. രാജി വിവാദമായതോടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തു.

‘സത്യങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ച് വൈകിപ്പോയതില്‍ എന്നോട് ക്ഷമിക്കുക. ഒപ്പം കഴിഞ്ഞ 13 വര്‍ഷക്കാലം നിങ്ങളോട് നുണകള്‍ പറഞ്ഞതിനും ക്ഷമിക്കുക’, ജെലാര്‍ ജബ്ബാരിയുടെ വാക്കുകള്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയിന്‍ വിമാനം തകര്‍ന്ന് 176 പേര്‍ മരിക്കാന്‍ ഇടയായത് സ്വന്തം മിസൈല്‍ കൊണ്ട് തന്നെയാണെന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് ജബ്ബാരിയുടെ രാജി വരുന്നത്.

തെഹ്‌റാനില്‍ വ്യാപകമായ പ്രതിഷേധങ്ങളില്‍ നിരവധി പേരാണ് അറസ്റ്റിലായത്. ഭരണകൂട വിരുദ്ധ വികാരം കൂടി കലര്‍ന്നതോടെ പ്രതിഷേധം അണവിട്ടൊഴുകുകയാണ്. ഞെട്ടിക്കുന്ന സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ മറ്റ് രണ്ട്
അവതാരകര്‍ കൂടി ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. സഹ്‌റാ ഖതമി, സാബാ റാഡ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.

ഭരണകൂടം മറച്ചുവെയ്ക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയില്‍ പൊതുജന വിശ്വാസത്തിന്റെ അന്ത്യകര്‍മ്മങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഇറാന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ പറഞ്ഞു. പരമോന്നത നേതാവ് അയാത്തൊള്ളാ ഖമനേനിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നത്.

Top