ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്- 1’ എന്ന ഇറാനിയന്‍ കപ്പലിലും 24 ഇന്ത്യക്കാര്‍

ഇറാന്‍:ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്- 1’ എന്ന ഇറാനിയന്‍ കപ്പലില്‍ 24 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇറാനിലെ ഗ്രേസ്- 1 കമ്പനിയില്‍ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രതീഷ് എന്നിവരാണ് ഇറാനിയന്‍ കപ്പലില്‍ കുടുങ്ങിയത്.

സിറിയയിലേക്ക് എണ്ണയുമായി പോകവേ, രണ്ടാഴ്ച മുന്‍പാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്നു മാറി, ഗ്രേസ്- 1 ഇറാനിയന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനാണ് പിടിച്ചെടുക്കല്‍ എന്നാണ് വിശദീകരണം.

അതേസമയം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നും അതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചനെ കൂടാതെ തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികകളായ രണ്ട് പേരും കപ്പലിലുണ്ടെന്നാണ് സൂചന.

രണ്ട് രാജ്യത്തുമായി ഇപ്പോള്‍ 42 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.

മുഴുവന്‍ ഇന്ത്യക്കാരെയും സുരക്ഷിതമായി മോചിപ്പിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

Top