വെടിവെച്ചിട്ട വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ഉക്രെയിനിലേക്ക്

ബദ്ധത്തില്‍ തങ്ങള്‍ വെടിവെച്ച് വീഴ്ത്തിയ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കൂടുതല്‍ പരിശോധനകള്‍ക്കായി ഉക്രെയിനിലേക്ക് അയച്ച് നല്‍കുമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍. 176 പേരുടെ മരണത്തിന് ഇടയാക്കിയ അബദ്ധം ആഗോള തലത്തില്‍ ഇറാന് മേല്‍ സമ്മര്‍ദത്തിന് ഇടയാക്കുകയും, രാജ്യത്തിനകത്ത് പ്രതിഷേധങ്ങള്‍ക്കും കാരണമായി. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് പരിശോധിക്കാനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്നാണ് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ഹസ്സന്‍ റെസാഫിര്‍ വ്യക്തമാക്കിയത്‌.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹസന്‍ തയ്യാറായില്ല. ഇതിന് പകരം ഉക്രെയിന്‍ തലസ്ഥാനമായ കീവില്‍ ഫ്രഞ്ച്, അമേരിക്കന്‍, കാനഡ വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പരിശോധനകളില്‍ കൃത്യമായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്ലാക് ബോക്‌സ് റെക്കോര്‍ഡറുകള്‍ ഫ്രാന്‍സിലേക്ക് അയയ്ക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡാണ് ജനുവരി 8ന് തെഹ്‌റാനിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം വെടിവെച്ച് വീഴ്ത്തി 176 പേര്‍ കൊല്ലപ്പെട്ടത്. ഇറാന്റെ ഉന്നത കമ്മാന്‍ഡര്‍ ജനറല്‍ ഖാസെം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് പകരംവീട്ടാന്‍ ഇറാഖിലെ യുഎസ് കേന്ദ്രങ്ങളിലേക്ക് ഗാര്‍ഡ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരുന്നു. ഈ അക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രാവിമാനം ഇവര്‍ വീഴ്ത്തിയത്. അമേരിക്കന്‍ ക്രൂയിസ് മിസൈല്‍ എന്ന് തെറ്റിദ്ധരിച്ചാണ് താഴേക്കിടയിലുള്ള ഓഫീസര്‍മാര്‍ ഈ അബദ്ധം കാണിച്ചത്.

ആദ്യ ഘട്ടത്തില്‍ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്ന് അവകാശപ്പെട്ട ഇറാന്‍ ഇതിന് വിരുദ്ധമായ കണ്ടെത്തലുകള്‍ നടത്തിയ പാശ്ചാത്യ ഇന്റലിജന്‍സ് വിവരങ്ങളെ തള്ളിയിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ സംഭവിച്ചത് തങ്ങളുടെ പിഴവാണെന്ന് വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

Top