ആക്രമണത്തിന് ഉത്തരവാദികൾ റുഷ്ദിയും അനുയായികളുമെന്ന് ഇറാൻ ; ആരോപണങ്ങൾ തള്ളി

തെഹ്‌റാൻ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ആക്രമണത്തിന് ഉത്തരവാദി അദ്ദേഹവും അനുയായികളും മാത്രമാണെന്ന് ഇറാൻ. സംഭവത്തിൽ ഇറാനെതിരെ ആരോപണം ഉന്നയിക്കാൻ ആർക്കും അവകാശമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

‘ആക്രമണത്തിന് റുഷ്ദിയും അദ്ദേഹത്തിന്റെ അനുയായികളും ഒഴികെ മറ്റാരും ഉത്തരവാദികളാണെന്ന് ഞങ്ങൾ കരുതുന്നില്ല. മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല’- ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ കനാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അക്രമിയായ 24കാരൻ ഹാദി മതറുമായി ഇറാന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും ആരോപണങ്ങളും കനാനി നിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും പടിഞ്ഞാറൻ രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്ക ഇരട്ടത്താപ്പ് നിലപാടാണ് തുടരുന്നതെന്നും വക്താവ് കുറ്റപ്പെടുത്തി. റുഷ്ദിയുടെ മതാവഹേളനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കാനാവില്ലെന്നും വക്താവ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്. ന്യൂയോർക്കിൽ ഷിറ്റാഗോ ഇൻസ്റ്റിറ്റിയൂഷനിൽ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവതാരകൻ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടെ അക്രമി സ്റ്റേജിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 15ഓളം തവണയാണ് അക്രമി കുത്തിയത്.

Top