യുക്രെയ്ന്‍ വിമാനം തകര്‍ന്ന സംഭവം; ഇറാനില്‍ പ്രതിഷേധം കത്തുന്നു

ടെഹ്‌റാന്‍: മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ വിമാനം തകര്‍ന്നതില്‍ ഇറാനില്‍ പ്രതിഷേധം തുടരുന്നു. ഇറാന്‍ ഭരണകൂടത്തിന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം കനത്തത്.

അതിനിടെ ടെഹ്‌റാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് നിഷേധിച്ചു. യാതൊരു മുന്നറിയിപ്പും നല്‍കാതെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടി ഉതിര്‍ത്തെന്നാണ് ആരോപണം. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഗുരുതരാമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ആരോപം നിഷേധിച്ച പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നും ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പലയിടത്തും കണ്ണീര്‍വാതകം പ്രയോഗിച്ചു എന്നാണ് വ്യക്തമാക്കുന്നത്. ആത്മ സംയമനം പാലിക്കണമെന്ന് പൊലീസുകാര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് വക്താവ് പ്രതികരിച്ചു.

ടെഹ്‌റാനില്‍ പലയിടത്തും ഇന്റര്‍നെറ്റ് വിഛേദിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും ഇറാനില്‍ ജനരോഷം തുടരുകയാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരമോന്നത നേതാവ് ആയത്തുള്ള ഖമനയി അടക്കം അപകടത്തിന് ഉത്തരവാദികളായ എല്ലാവരും മാപ്പ് പറഞ്ഞ്, രാജി വയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 176പേരും മരിച്ചിരുന്നു. 82 ഇറാന്‍കാരും 63 കാനേഡിയന്‍ സ്വദേശികളും 11 യുക്രെയിന്‍കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Top