ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു, 200ഓളം പേരെ അറസ്റ്റ് ചെയ്തു

ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയ 200 പേര്‍ അറസ്റ്റില്‍. പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റെന്ന് സുരക്ഷ ഉദ്യോഗസ്ഥന്‍ അലി അസ്ഗര്‍ നാസര്‍ബെജ് പറഞ്ഞു. പ്രക്ഷോഭകരെ നേരിടാന്‍ പലയിടത്തും പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും നാസര്‍ബെജ് കൂട്ടിച്ചേര്‍ത്തു.

പ്രകടനങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്. മാധ്യമവിലക്കും യാത്രാനിരോധനവും ഉള്ളതിനാല്‍ പല റിപ്പോര്‍ട്ടുകള്‍ക്കും സ്ഥിരീകരണമില്ല.

വടക്കുകിഴക്കന്‍ ഇറാനിലെ മഷ്ദാദ് നഗരത്തില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം ടെഹ്‌റാന്‍ അടക്കമുള്ള മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭത്തില്‍ രണ്ടു പേര്‍ വെടിയേറ്റു മരിച്ചിരുന്നു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ പുറത്താക്കണമെന്നും വധിക്കണമെന്നുമൊക്കെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

Top