ആ ‘മിസൈല്‍’ അബദ്ധം ഇറാനിലെ മതഭരണകൂടത്തെ വീഴ്ത്തുമോ? പ്രതിഷേധം

ക്രെയിന്‍ യാത്രാവിമാനം വെടിവെച്ചിട്ടത് ഇറാനിലെ ഭരണകൂടത്തിന്റെ അന്ത്യത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ വ്യാപകമായി അരങ്ങേറുകയാണ്. 176 യാത്രക്കാരുമായി പോയ വിമാനം വെടിവെച്ചിട്ടതില്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പങ്ക് മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തുടങ്ങിയ പ്രതിഷേധങ്ങളാണ് വഴിമാറി ഭരണകൂടത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

‘ഒരുപക്ഷെ ഇത് ഇറാന്റെ ‘ചെര്‍ണോബില്‍’ നിമിഷമാണ്, ഇറാന്‍ നേതൃത്വം എങ്ങിനെ വിഷയം കൈകാര്യം ചെയ്യുമെന്നതാണ് ചോദ്യം. ഇറാന്റെ രാഷ്ട്രീയ രീതി അനുസരിച്ച് അര്‍ത്ഥവത്തായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നത് പരമോന്നത നേതാവിന് മാത്രമാണ്’, ഇറാന്‍ ഫോറം നേതാവ് സനം വാകില്‍ പറയുന്നു. അതേസമയം പ്രതിഷേധത്തിന് നേതൃത്വം ഇല്ലെന്നത് ഇത് പൊടുന്നനെ അവസാനിക്കാന്‍ ഇടയാക്കുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ആളിക്കത്തിയപ്പോള്‍ ആയിരത്തോളം പേരെയാണ് ഭരണകൂടം കൊലപ്പെടുത്തിയത്. സൈനികര്‍ ഇറങ്ങിയാണ് തെരുവുകള്‍ ശരിപ്പെടുത്തിയത്. എന്നാല്‍ ഇക്കുറി ഇറാനിലെ മധ്യവര്‍ഗ്ഗവും, പാവപ്പെട്ടവരും തെരുവിലുണ്ട്. ഭരണകൂടം താറുമാറായി കഴിഞ്ഞെന്ന് വിമാന ദുരന്തം വ്യക്തമാക്കിയതായി ഇറാനിയന്‍ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് നിരവധി മാധ്യമ സ്ഥാപനങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നു.

ദേശീയ ടെലിവിഷന്‍ അവതാരക പോലും ഇനി നുണപറയാനില്ലെന്ന് പ്രഖ്യാപിച്ച് രാജിവെച്ചു. പ്രതിഷേധം നയിക്കുന്ന ജനക്കൂട്ടത്തിന് നേരെ അഞ്ച് റൗണ്ട് വെടിവെച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു.

Top