യുക്രെയ്ന്‍ വിമാനം താഴെ വീഴുന്നത് ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു; അറസ്റ്റ്

ടെഹ്‌റാന്‍: 176 പേരുടെ മരണത്തിനിടയാക്കിയ യുക്രെയ്ന്‍ വിമാന ആക്രമണം കാമറയില്‍ പകര്‍ത്തിയ ആള്‍ അറസ്റ്റില്‍. ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തേക്കുമെന്നാണ് അറിയുന്നത്. ശത്രുവിമാനമാണെന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ മിസൈല്‍ പ്രയോഗിച്ചതാണ് അപകടത്തിന് വഴിവെച്ചത്.

വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്നാണ് അധികൃതര്‍ പറയുന്നത്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എത്രപേര്‍ അറസ്റ്റിലായെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ വ്യക്തമല്ല. പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നിര്‍ദേശിച്ചിരുന്നത്. അതേസമയം മിസൈല്‍ തൊടുത്തുവിടാനുള്ള ബട്ടണ്‍ അമര്‍ത്തിയ ആളില്‍ മാത്രം ഉത്തരവാദിത്വം ഒതുങ്ങില്ലെന്നും ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും റുഹാനി പറഞ്ഞു. കൂടാതെ ദുരന്തം സംഭവിച്ച ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച സുപ്രീം നാഷണല്‍ കൗണ്‍സില്‍ ചേര്‍ന്നതു വരെ നടന്ന എല്ലാ സംഭവങ്ങളും ബന്ധപ്പെട്ടവര്‍ ജനങ്ങളോടു വിശദീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്ന് ഇറാന്‍ ജനതയ്ക്ക് ഉറപ്പു ലഭിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാന്‍ ഇറാക്കിലെ യുഎസ് താവളങ്ങള്‍ക്കു നേരേ മിസൈല്‍ ആക്രമണം നടത്തിയിരുന്നത്. ആ സമയത്താണ് ടെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പോകാന്‍ പറന്നുയര്‍ന്ന വിമാനം മിസൈലേറ്റു വീണത്. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന ഇറാന്‍ പിന്നീട് അബദ്ധത്തില്‍ വിമാനത്തിനു നേര്‍ക്കു മിസൈല്‍ പ്രയോഗിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു.

Top