ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 12 ശതമാനം കുറവെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യുഡല്‍ഹി: മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 12 ശതമാനം കുറവ് വന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇറാനെതിരെ ഉപരോധം പുന: സ്ഥാപിക്കാനുള്ള യു എസ് തീരുമാനത്തെ തുടര്‍ന്നാണ് ഇന്ത്യ ഇറാനിയന്‍ എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തിയിരിക്കുന്നത്.

ജൂണ്‍ മാസത്തില്‍ പ്രതിദിനം ശരാശരി 664,000 ബാരല്‍ ഇറാനിയന്‍ എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികള്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്. 2017 ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറാനിയന്‍ എണ്ണ ഇറക്കുമതി ഇപ്പോഴും ഉയര്‍ന്ന തലത്തിലാണെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നത്.

2017 ജൂണില്‍ 1.9 മില്യണ്‍ ടണ്‍ ക്രൂഡ് എണ്ണയാണ് ഇന്ത്യ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തത്. ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍ ഇന്ത്യന്‍ റിഫൈനറികളാണ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും യു എസ് പിന്മാറിയതോടെ ഇറാനിയന്‍ എണ്ണ ഇറക്കുമതി സ്വയം കുറച്ചു കൊണ്ടു വരികയാണ് ഇന്ത്യയിലെ എണ്ണ കമ്പനികള്‍.

Top