ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചുവെന്നും ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.

കപ്പല്‍ പിടിച്ചെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് ഇറാന്‍ അറിയിക്കുകയായിരുന്നു. കപ്പലിലേക്ക് ഇറാന്‍ ഉദ്യോഗസ്ഥര്‍ കടന്നിട്ടില്ലാത്തതിനാല്‍ കപ്പലിനുള്ളിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കില്ലെന്നും ഇറാന്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. കപ്പല്‍ പിടിച്ചെടുത്ത കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിച്ച സാഹചര്യത്തില്‍ അടുത്ത നടപടിയെന്നോണം ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്

ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നും അതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചനെ കൂടാതെ തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികകളായ രണ്ട് പേരും കപ്പലിലുണ്ടെന്നാണ് സൂചന.

ശനിയാഴ്ചയാണ് രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരില്‍ ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. സൗദി തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പല്‍.

Top