യുദ്ധത്തിന് തയ്യാറെടുക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റൈന്‍: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. ഇസ്രയേലിന്റെ കെണിയില്‍ വീണ് യുദ്ധത്തിനു തയാറെടുക്കരുതെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ കമാന്‍ഡര്‍ ആയിരുന്ന ഖാസിം സുലൈമാനി വധിക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫാണ് അമേരിക്കയ്‌ക്കെതിരെ രംഗത്ത് വന്നത്.

ഇറാഖിലെ അമേരിക്കന്‍ ട്രൂപ്പുകള്‍ക്കു നേരെ ആക്രമണം നടത്തി പ്രകോപനം സൃഷ്ടിക്കുന്നത് ഇസ്രായേലാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി. അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാഖിലെ തങ്ങളുടെ സൈന്യത്തിനും സംവിധാനങ്ങള്‍ക്കും നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നത് ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘങ്ങളാണെന്ന് നേരത്തെ അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണയാണ് അമേരിക്ക ബി-52 ബോംബര്‍ പറത്തിയത്. ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിന്റെ വാര്‍ഷികത്തില്‍ ഇറാനില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഖാസിം സുലൈമാനിയുടെ വധത്തില്‍ ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും കേസുമായി മുന്നോട്ട് പോകുമെന്നും നേരത്തെ തന്നെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.

Top