ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിക്കാനാവശ്യപ്പെട്ട് പിണറായി വിജയന്‍

തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്കയ്ക്ക് കേരള സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മത്സ്യത്തൊഴിലാളികളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച് വരികയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരത്തെ പറഞ്ഞിരുന്നു. ഇവരെ വിമാനമാര്‍ഗ്ഗം തിരികെയെത്തിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഭക്ഷണവും വെള്ളവും ഉടന്‍ എത്തിക്കും. തിരികെയെത്തിക്കാന്‍ ആവശ്യമായ ഇടെപടല്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. 23 പേരാണ് പുറത്തിറങ്ങാന്‍ സാധിക്കാതെ മുറിയില്‍ കഴിയുന്നത്. ഇവരില്‍ 17 പേരാണ് മലയാളികള്‍. പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് മാസം മുന്‍പാണ് മത്സ്യബന്ധന വിസയില്‍ ഇവര്‍ ഇറാനില്‍ പോയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. ആളുകള്‍ പുറത്തിറങ്ങാത്ത സ്ഥിതിയാണ്. കടകള്‍ അടച്ചിട്ടിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

Top