റഷ്യയുമായുള്ള പ്രതിരോധ സഹകരണം പൂർവ്വാധികം ശക്തമായി തുടരാൻ ഇന്ത്യ

റാനുമായുള്ള എണ്ണ ഇടപാടിന്റെ കാര്യത്തില്‍ അമേരിക്കന്‍ നിലപാടിന് വഴങ്ങേണ്ടി വന്ന ഇന്ത്യ റഷ്യയുടെ കാര്യത്തില്‍ നിലപാട് കടുപ്പിക്കുന്നു. റഷ്യയുമായുള്ള പ്രതിരോധ ബന്ധം അവസാനിപ്പിക്കില്ലെന്ന് അമേരിക്കയോട് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോടാണ് ഇന്ത്യ ഒദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

റഷ്യയുമായുള്ള 5 ബില്യണ്‍ ഡോളറിന്റെ മിസൈല്‍ കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നതായിരുന്നു അമേരിക്കയുടെ പ്രധാന ആവശ്യം. സോവിയറ്റ് യൂണിയന്റെ കാലം മുതലുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന ഇന്ത്യന്‍ നിലപാട് അമേരിക്കയെ സംബന്ധിച്ച് വലിയ പ്രഹരമാണ്. 400 കിലോമീറ്റര്‍ വരെ പ്രഹര ശേഷിയുള്ള എസ്- 400 ആന്റി- ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ത്യ റഷ്യയില്‍ നിന്നും സ്വന്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പകരം തങ്ങളുടെ മിസൈലുകള്‍ തരാമെന്ന അമേരിക്കന്‍ വാഗ്ദാനവും ഇന്ത്യ നിരസിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ള മിസൈലായാണ് എസ്- 400 വിലയിരുത്തപ്പെടുന്നത്. റഷ്യയുടെ ഈ ആധുനിക മിസൈല്‍ എത്ര മാത്രം പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട് എന്നത് ആ രാജ്യത്തിന്റെ പ്രതികരണത്തില്‍ നിന്നു തന്നെ വ്യക്തമാണ്. ‘റഷ്യ ഈ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് ആയുധം കൈമാറുന്ന കാര്യത്തില്‍ കുറച്ചുകൂടെ ജാഗ്രത കാണിക്കണമെന്നാണ്’ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേശി വ്യക്തമാക്കിയത്.

എസ്- 400 ആന്റി-ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റം പോലെയുള്ള ആയുധങ്ങള്‍ ഈ പ്രദേശത്തിന്റെ തന്ത്രപരമായ സന്തുലിതയെ ഇല്ലാതാക്കുമെന്നും ഇത്തരം ആയുധങ്ങള്‍ കൈയില്‍ വന്നാല്‍ ഇന്ത്യയ്ക്ക് ശത്രു രാജ്യങ്ങളെ ആക്രമിക്കാന്‍ തോന്നിയേക്കാമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് 5.43 ബില്ല്യന്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യ റഷ്യയുമായി ഒപ്പുവച്ചത്. അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ അഞ്ച് എസ്- 400 എന്ന ആന്റി ബാലിസിറ്റിക്ക് മിസൈല്‍ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമെടുത്ത ഉടനെ പാക്കിസ്ഥാന്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ‘ഒന്നിലേറെ പേരില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ ഭാഗമാണ്’ ഇതെന്നായിരുന്നു പാക്ക് ആരോപണം. ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് എസ്- 400 വാങ്ങുന്നതെന്നും അല്ലാതെ അയല്‍ക്കാരെ പേടിപ്പിക്കാനല്ല എന്നും ഇന്ത്യയും മറുപടി നല്‍കിയിരുന്നു.

അടുത്തിടെ ഇന്ത്യ നടത്തിയ ആന്റി സാറ്റലൈറ്റ് പരീക്ഷണവും പാക്കിസ്ഥാനെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യക്ക് ഇളവുകള്‍ നല്‍കുന്നതിലും നൂതന സാങ്കേതികവിദ്യകള്‍ കൈമാറ്റം ചെയ്യുന്നതിലുമുള്ള രാജ്യാന്തര ശക്തികളോടുള്ള എതിര്‍പ്പും പാക്കിസ്ഥാന്‍ പ്രകടിപ്പിക്കുകയുമുണ്ടായി. എന്നാല്‍ ഈ വാദങ്ങളൊന്നും റഷ്യ മൈന്‍ഡ് പോലും ചെയ്തിരുന്നില്ല. ലോകത്തെ വന്‍ ആയുധശക്തിയായ റഷ്യയില്‍ നിന്ന് ചൈനയും കഴിഞ്ഞ വര്‍ഷം എസ് 400 വാങ്ങിയിരുന്നു. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ കരുത്തുറ്റ ആയുധമാണ്.

ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ് 400 ട്രയംഫ്. യുഎസിന്റെ എഫ്- 35 ഫൈറ്റര്‍ ജെറ്റുകള്‍ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. ഹ്രസ്വ- മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും. 400 കിലോമീറ്റര്‍ അകലെയും 30 കിലോമീറ്റര്‍ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും ഇതിന് എളുപ്പത്തില്‍ കഴിയും.

പുല്‍വാമാ ആക്രമണത്തിനു ശേഷമാണ് അണവായുധ ശേഷിയുള്ള രണ്ട് അയല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. ആക്രമണത്തില്‍ 40 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഫെബ്രുവരി അവസാനം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഭീകര ക്യാംപിനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ അനവധി ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ഈ സംഭവത്തിനു ശേഷം പ്രതിരോധ മേഖല ശക്തമാക്കാന്‍ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്. റഷ്യയുമായുള്ള പ്രതിരോധ ബന്ധം ശക്തമായി തുടരാന്‍ തീരുമാനിച്ചതും ഈ നീക്കത്തിന്റെ ഭാഗമാണ്. റഷ്യന്‍ പ്രതിരോധത്തില്‍ ഊന്നിയതു കൂടിയാണ് ഇന്ത്യന്‍ പ്രതിരോധ ശക്തി. അതുകൊണ്ടു തന്നെയാണ് അമേരിക്കയോടു പോലും ഇപ്പേള്‍ ഇന്ത്യ നോ പറഞ്ഞിരിക്കുന്നത്.

ഇറാന്‍, റഷ്യ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെടുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കാണ് ഇന്ത്യ ഇതുവഴി പൊളിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ ഈ മുന്നറിയിപ്പ് ഇന്ത്യ തന്നെ ലംഘിക്കുന്നത് അമേരിക്കന്‍ പ്രതിരോധ വിഭാഗത്തെയും ഞെട്ടിച്ചിട്ടുണ്ട്. ഇറാനുമായുള്ള എണ്ണ ഇടപാട് പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിയില്ലെന്ന നിലപാടും ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്കയെ നിലവിലെ അവസ്ഥ ബോധ്യപ്പെടുത്താനാണ് ശ്രമം.

ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എണ്ണ നിയന്ത്രണം വലിയ ആശങ്കയാണ് ഇന്ത്യയിലെ പെട്രോളിയം മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതേ സമയം ഇറാനുമായി സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോഴും ആ രാജ്യത്തെ ആക്രമിക്കുന്നതില്‍ നിന്നും അമേരിക്ക തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ്. അപ്രതീക്ഷിത തിരിച്ചടി മുന്നില്‍ കണ്ടാണ് ഈ പിന്‍വാങ്ങല്‍.

Staff Reporter

Top