ആണവകരാര്‍ ലംഘിച്ച് ഇറാന്‍ ;യുറേനിയം സംഭരണം 300 കിലോയാക്കി വര്‍ധിപ്പിച്ചു

ഇറാന്‍:ഇറാനുമേലുള്ള ഉപരോധം അമേരിക്ക ശക്തമാക്കുന്ന സാഹചര്യത്തില്‍ 2015ല്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ കരാര്‍ ഇറാന്‍ ലംഘിച്ചു. ഇറാന്‍ കരാര്‍ ലംഘിച്ചുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയാണ്‌
റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം 300 കിലോയാക്കി വര്‍ധിപ്പിച്ചെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി കണ്ടെത്തിയത്.

കരാര്‍ ലംഘിച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദാ ശരീഫ് അംഗീകരിക്കുകയും ചെയ്തു. ഇറാനുമേലുള്ള ഉപരോധം അമേരിക്ക തുടരാനാണ് തീരുമാനമെങ്കില്‍ യുറേനിയത്തിന്റെ സംഭരണം ഇനിയും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ഉപരോധം പിന്‍വലിക്കാതിരിക്കുകയും അമേരിക്കയെ പിന്തിരിപ്പിക്കാന്‍ കരാറില്‍ അംഗമായുള്ള രാജ്യങ്ങള്‍ ശ്രമം നടത്താതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മുഹമ്മദ് ജാവേദ് ഷരീഫ് കൂട്ടിച്ചേര്‍ത്തു.

യുറേനിയം സംഭരണം കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും ഇറാന്‍ പിന്മാറണമെന്ന് ആവശ്യവുമായി ബ്രിട്ടണും ജര്‍മനിയും രംഗത്തെത്തി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്ക പഴയ നിലപാടില്‍ തന്നെയാണ്. ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന യുറേനിയത്തിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള ഇറാന്റെ തീരുമനത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

Top