വിമാനം വെടിവെച്ചിട്ടു, ആളുകള്‍ മരിച്ചു; നഷ്ടപരിഹാരം തരില്ലെന്ന് കാനഡയോട് ഇറാന്‍?

ഴിഞ്ഞ മാസം വിമാനം വെടിവെച്ച് വീഴ്ത്തി പൗരന്‍മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 1 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടിയ കാനഡയുടെ ആവശ്യം തള്ളി ഇറാന്‍. നിയമപരമായി അടിസ്ഥാനമില്ലാത്തതാണ് ഈ ആവശ്യമെന്ന് ചൂണ്ടിക്കാണിച്ചാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആവശ്യം നിരാകരിച്ചത്. ഉക്രെയിന്‍ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് കുറ്റസമ്മതം നടത്തിയ ശേഷമാണ് ഇറാന്റെ ഈ നിലപാട്.

ഇറാന്റെ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന് സരീഫ് വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ഫ്‌ളൈറ്റ് റെക്കോര്‍ഡറുകള്‍ ഡീകോഡ് ചെയ്യാനായി വിദേശത്തേക്ക് അയയ്ക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ആവശ്യവും ഇറാന്‍ തള്ളി. വെടിവെച്ച് വീഴ്ത്തിയ വിമാനത്തില്‍ യാത്ര ചെയ്ത് മരണപ്പെട്ട ഭൂരിഭാഗം പേരും ഇരട്ട പൗരത്വമുള്ള ഇറാന്‍കാരായിരുന്നു, ഇത് ഇറാന്‍ അംഗീകരിക്കുന്നില്ല. കാനഡയുടെ 57 പൗരന്‍മാരും സംഭവത്തില്‍ കൊല്ലപ്പെട്ടു.

അതേസമയം ഇരകള്‍ക്ക് വേണ്ടി ഇറാനില്‍ നിന്നും 1.1 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി കാനഡയുടെ അഭിഭാഷകര്‍ വിജയകരമായി ഫയല്‍ ചെയ്തു. ഇറാന്റെ പരമോന്നത നേതാവ്, അവരുടെ റെവല്യൂഷണറി ഗാര്‍ഡ്‌സ്, മറ്റ് ഇറാന്‍ അധികൃതര്‍ എന്നിവരെയാണ് പ്രതികളാക്കിയിട്ടുള്ളത്. അതേസമയം കേസിലെ പ്രധാന പരാതിക്കാരന്റെ പേരുവിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.

ഇറാന്‍ ഭരണകൂടം ഇദ്ദേഹത്തെയും, അടുത്ത കുടുംബാംഗങ്ങളെയും അപകടപ്പെടുത്തും എന്ന ആശങ്കയിലാണ് ഇത്. വിമാനം വീഴ്ത്തിയത് മനഃപ്പൂര്‍വ്വം നടത്തിയ തീവ്രവാദ പ്രവര്‍ത്തനമാണെന്ന് പരാതിയില്‍ചൂണ്ടിക്കാണിക്കുന്നു.

Top