ട്രംപിനെ കൊന്നാലും പ്രതികാരം തീരില്ല; ഇറാന്റെ പകപോക്കല്‍ ‘സുനാമിയാകും’

ഖാസിം സുലൈമാനിയെ വധിച്ചതിന് പകരംവീട്ടാന്‍ സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വകവരുത്തിയാല്‍ പോലും മതിയാകില്ലെന്ന് മുതിര്‍ന്ന ഇറാന്‍ ജനറല്‍. മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഖാസിം സുലൈമാനി, അമേരിക്കന്‍ പ്രസിഡന്റ് ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അമേരിക്കയ്ക്ക് നേരെ വമ്പന്‍ ആക്രമണ പദ്ധതികള്‍ സംഘടിപ്പിച്ചതോടെയാണ് വധിച്ചതെന്നാണ് യുഎസിന്റെ നിലപാട്.

ഇറാന്റെ സുപ്രധാനമായ കുദ്‌സ് ഫോഴ്‌സിന്റെ മേധാവിയായിരുന്നു 62കാരനായ സുലൈമാനി. എന്നാല്‍ ഈ വിഭാഗത്തെ അമേരിക്ക ഭീകര സംഘടനയായാണ് കണക്കാക്കുന്നത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ അക്രമിച്ചതിന് പുറമെയാണ് പ്രസിഡന്റിനെ വധിക്കുമെന്ന ഭീഷണി ഉയരുന്നത്. റവല്യൂഷണറി ഗാര്‍ഡ്‌സ് എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ കമ്മാന്‍ഡര്‍ ജനറല്‍ അമിര്‍ അലി ഹാജിസാദെയാണ് ട്രംപിനെ കൊന്നാല്‍ പോലും തങ്ങളുടെ പ്രതികാരം തീരില്ലെന്ന് വ്യക്തമാക്കിയത്.

‘അമേരിക്കന്‍ ബേസ് അക്രമിച്ചാലും, ട്രംപിനെ കൊന്നാലും, അയാളുടെ ഡിഫന്‍സ് സെക്രട്ടറിയെ വധിച്ചാലും ഖാസിം സുലൈമാനിയുടെ രക്തത്തിന് പ്രതികാരം ചെയ്യാന്‍ പര്യാപ്തമാകില്ല. വിയറ്റ്‌നാം യുദ്ധത്തില്‍ നിന്നും ഒളിച്ചോടിയ ആളാണ് ട്രംപ്. അയാള്‍ ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ ആരാണ്? തന്റെ സൈനികര്‍ക്ക് കൂടുതല്‍ ശവപ്പെട്ടികള്‍ ഓര്‍ഡര്‍ ചെയ്തിട്ടാകണം ഭീഷണി മുഴക്കാന്‍. ആര്‍ക്ക് വേണമെങ്കിലും തീപ്പെട്ടി കത്തിക്കാം, പക്ഷെ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കും, ഈ യുദ്ധത്തില്‍ തോല്‍ക്കുക അമേരിക്കയാകും’, അമിര്‍ അലി ഇറാന്‍ ടെലിവിഷനോട് പറഞ്ഞു.

രക്തസാക്ഷി സുലൈമാനിയുടെ വധത്തിന് പകരംവീട്ടാന്‍ മേഖലയില്‍ സുനാമി തന്നെ സൃഷ്ടിക്കുമെന്നും, ഇത് സകലയുഎസ് ബേസുകളും തൂക്കിയെറിയുമെന്നും ജനറല്‍ അമിര്‍ അലി ഭീഷണി മുഴക്കി.

Top