ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

ടെഹ്‌റാന്‍: ഇറാനിലെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാകുന്നു. ഒരു അമേരിക്കന്‍ ഡോളറിന്റെ വില 1,12,000 ഇറാന്‍ റിയാലായി ഞായറാഴ്ച താഴ്ന്നിരുന്നു. ശനിയാഴ്ച 98,000 റിയാലാണ് താഴ്ന്നിരുന്നത്. സര്‍ക്കാര്‍ ഒരു ഡോളറിനു നിശ്ചയിച്ചിക്കിരിക്കുന്ന വിനിമയ നിരക്ക് 44,070 റിയലാണ്. ജനുവരി ഒന്നിന് ഇത് 35,186 റിയാലായിരുന്നു. നാലു മാസം കൊണ്ട് റിയാലിന്റെ മൂല്യം ഇരട്ടിയലധികമാണ് താഴ്ന്നിരിക്കുന്നത്. ഏപ്രിലില്‍ വിനിമയ നിരക്ക് 42,000 ആയി നിജപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ്. കള്ളപ്പണക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. സാമ്പത്തിക സാഹചര്യം മോശമാകുമ്പോള്‍ ഡോളറായിരിക്കും സുരക്ഷിത നിക്ഷേപമെന്ന കണക്കുകൂട്ടലില്‍ ജനങ്ങള്‍ ഡോളര്‍ കഴിയുന്നത്ര ശേഖരിച്ചു വയ്ക്കാന്‍ പരിശ്രമിക്കുകയാണ്.

4eec9226bffc4c0bac8de0695b7efb37_18

കുറഞ്ഞ നിരക്കില്‍ ഡോളര്‍ വില്‍ക്കാന്‍ ബാങ്കുകള്‍ തയാറാകാതെ വന്നതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. സെന്‍ട്രല്‍ ബാങ്ക് മേധാവി വലിയോലാഹ് സെയ്ഫിനെ മാറ്റാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞയാഴ്ച തീരുമാനിച്ചതിനു പിന്നിലെ കാരണം മറ്റൊന്നല്ല. ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും, വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് ഇറാന്‍ റിയാലിന്റെ ശനിദശ ആരംഭിച്ചത്.

Top