ഇറാന്റെത് നിഷേധാത്മക നിലപാടാണെന്ന് സൗദി

റിയാദ്: അയല്‍ രാജ്യമായ ഇറാനുമായി നല്ല ബന്ധമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇറാന്റെ നിഷേധാത്മക നിലപാടാണ് ഇതിന് തടസ്സമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. തന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഷന്‍ 2030ന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് സൗദി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഇറാന്‍ ഞങ്ങളുടെ അയല്‍ രാജ്യമാണ്. ഇറാനുമായി സാധാരണ നിലയിലുള്ളതും മാന്യവുമായ ബന്ധമാണ് സൗദി ആഗ്രഹിക്കുന്നത്’ – അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആണവായുധ പദ്ധതി, സായുധ പോരാളി വിഭാഗങ്ങള്‍ക്കുള്ള പിന്തുണ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ ഇറാന്റെ നിലപാടുകള്‍ നിഷേധാത്മകമാണെന്നും ഇരുരാജ്യങ്ങള്‍ക്കിടയിലെ നല്ല ബന്ധത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ഇത്തരം നിലപാടാണെന്നും കിരീടാവകാശി പറഞ്ഞു. ഈ വെല്ലുവിളികള്‍ അതിജീവിക്കാന്‍ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാജ്യങ്ങളുമായി തങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അക്കാര്യത്തില്‍ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിക്കെതിരെ സായുധ പോരാട്ടം നടത്തുന്ന യമനിലെ ഹൂതി വിമതര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുടെ പശ്ചാത്തലത്തില്‍ 2016ലാണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി വിച്ഛേദിച്ചത്.

Top