ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവം;ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ടുവെന്ന്…

ന്യൂഡല്‍ഹി: സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ മലയാളികളടക്കമുള്ള ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത ഇറാന്‍ അധികൃതരുമായി ഡല്‍ഹിയില്‍ വച്ചും ടെഹ്‌റാനില്‍ വച്ചും ബന്ധപ്പെട്ടുവെന്ന് വിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരന്‍. കപ്പലിലുള്ള ആളുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇറാന്‍ ഔദ്യോഗികമായി ഇതുവരെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ഔദ്യോഗികമായി വിവരങ്ങള്‍ ലഭിക്കുന്നത് വരെ സ്ഥിരീകരണം നല്‍കാനാവില്ല. അതുകൊണ്ട് തന്നെ കപ്പലിന്റെ ഉടമസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നും അതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചനെ കൂടാതെ തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികകളായ രണ്ട് പേരും കപ്പലിലുണ്ടെന്നാണ് സൂചന.

ശനിയാഴ്ചയാണ് രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരില്‍ ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. സൗദി തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പല്‍.

Top