വിമാനം വെടിവെച്ചിട്ടതില്‍ അന്വേഷണം; വിചാരണയ്ക്ക് പ്രത്യേക കോടതിയുമായി ഇറാന്‍

Hassan Rouhani

ക്രെയിന്‍ യാത്രാവിമാനം വെടിവെച്ചിട്ടതിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കുടുങ്ങിയ ഇറാന്‍ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ഊര്‍ജ്ജിതമാക്കി. യാത്രാവിമാനം വീഴ്ത്തിയ മിസൈല്‍ അബദ്ധത്തിന് കാരണമായ നിരവധി പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സുദീര്‍ഘമായ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് അറസ്റ്റെന്ന് ജുഡീഷ്യറി വക്താവ് ഗോലാംഹോസെയിന്‍ ഇസ്മായിലി വ്യക്തമാക്കി.

ബോയിംഗ് 737 വിമാനം വീഴ്ത്തിയത് മാപ്പ് നല്‍കാന്‍ കഴിയാത്ത കുറ്റമാണെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നാണ് റൂഹാനിയുടെ വാഗ്ദാനം. ആദ്യ ഘട്ടത്തില്‍ സാങ്കേതിക പ്രശ്‌നങ്ങളായി വിലയിരുത്തിയ ശേഷം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഇറാന്‍ കുറ്റസമ്മതം നടത്തിയതോടെ ഇറാന്‍ ഭരണകൂടം പ്രതിരോധത്തിലായിരുന്നു. ഇതിന് പുറമെ സ്വന്തം രാജ്യത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ കൂടി ഉടലെടുത്തതോടെ മതമേധാവികള്‍ അങ്കലാപ്പിലാണ്.

80ഓളം ഇറാന്‍കാര്‍ ഉള്‍പ്പെടെ 176 പേര്‍ കൊല്ലപ്പെട്ട വേദനാജനകമായ, മാപ്പ് അര്‍ഹിക്കാത്ത വിമാന ദുരന്തത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് റൂഹാനി വ്യക്തമാക്കി. ഒരു വ്യക്തി മാത്രമല്ല അപകടത്തിന് കാരണമെന്ന് പ്രസിഡന്റ് പറഞ്ഞു. ദുരന്തത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ സംഭവത്തില്‍ ഏതെങ്കിലും തരത്തില്‍ തെറ്റായോ, വീഴ്ചയോ വരുത്തിവെച്ച വ്യക്തികള്‍ നിയമത്തെ നേരിടേണ്ടത് നമ്മുടെ ആളുകള്‍ക്ക് സുപ്രധാനമാണ്. ഇറാന്‍ സായുധ സൈന്യങ്ങള്‍ തെറ്റ് സമ്മതിച്ച് നല്ല ചുവടുവെപ്പാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശിക്ഷ അര്‍ഹിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. ഉയര്‍ന്ന റാങ്കിലുള്ള ജഡ്ജിമാരും, വിദഗ്ധരും ചേര്‍ന്ന പ്രത്യേക കോടതിയാണ് ജുഡീഷ്യറി രൂപീകരിക്കേണ്ടത്. ലോകം നമ്മളെ കാണുന്നുണ്ട്’, റൂഹാനി പറഞ്ഞു.

ഇറാന്‍കാരോട് മാത്രമല്ല ജീവന്‍ നഷ്ടമായ മറ്റ് രാജ്യങ്ങളോടും ഇറാന്‍ കണക്ക് പറയേണ്ടതുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

Top