‘സുലൈമാനി വധം’ ട്രംപും ഐഎസും ആഘോഷിക്കുകയാണ്: ജവാദ് ഷറിഫ്

ന്യൂഡല്‍ഹി: ഉക്രയിന്‍ വിമാനം തകര്‍ത്തത് തങ്ങള്‍ തന്നെയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷറിഫ്. അതൊരു അബദ്ധമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഖാസിം സുലൈമാനിയെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഐഎസും ആഘോഷിക്കുന്നു. കാരണം ഐഎസിന് ഏറ്റവും ഭീഷണിയായിരുന്നത് ഖാസിം സുലൈമാനിയായിരുന്നു. അതിനാല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത് അവരും ആഘോഷിക്കുന്നു. ഐഎസ് ഇപ്പോള്‍ ഇന്ത്യയ്ക്കും ഇറാനും അടുത്തെത്തിയിരിക്കുകയാണ്. താലിബാന്റെ ഇടം നേടാനാണ് ഐഎസ് ശ്രമിക്കുന്നത്. ഐഎസിനെ നേരിടാന്‍ സഖ്യമാകാമെന്നും’ ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ഷറിഫ് ഡല്‍ഹിയിലെത്തിയത്. റായിസിന ഡയലോഗില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും. പതിമൂന്ന് വിദേശകാര്യമന്ത്രിമാരാണ് റായിസിന ഡയലോഗില്‍ പങ്കെടുക്കുന്നത്.

ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷമുള്ള സാഹചര്യം പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യമന്ത്രിയും ചര്‍ച്ച ചെയ്യും. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Top