ആണവകരാര്‍ അംഗീകരിക്കാതെ ഉപരോധം നീക്കില്ല; ഇറാനെതിരെ വീണ്ടും അമേരിക്ക

വാഷിങ്ടന്‍: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. 2015 ലെ ആണവകരാര്‍ അംഗീകരിക്കാതെ ഉപരോധം നീക്കാനാകില്ല. വന്‍തോതിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഇറാന്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ആണവകരാര്‍ അംഗീകരിക്കണമെങ്കില്‍ അമേരിക്ക ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തുറന്നടിച്ചു. യുഎസ് ഉള്‍പ്പെടെ ആറു രാജ്യങ്ങളുമായുണ്ടാക്കിയ 2015ലെ ആണവകരാറില്‍നിന്ന് ഇറാന്‍ പിന്മാറിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിന് ഇനി രാജ്യം പരിധികള്‍ വയ്ക്കില്ലെന്നും രാജ്യാന്തര ആണവ ഏജന്‍സിയുമായുള്ള ബന്ധം തുടരുമെന്നുമായിരുന്നു കരാറില്‍നിന്ന് പിന്‍മാറിയതിനു പിന്നാലെ ഇറാന്റെ പ്രതികരണം. ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ കരാറിലേക്കു മടങ്ങിയെത്തുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാന്‍ സൂക്ഷിക്കാവൂ എന്നായിരുന്നു ആണവകരാറില്‍ നിര്‍ദേശിച്ചിരുന്നത്. 300 കിലോഗ്രാമില്‍ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാനായിരുന്നു അനുമതി. അധികമുള്ളതു വിദേശത്ത് വില്‍പന നടത്തണം. സമ്പുഷ്ടീകരിച്ച കൂടുതല്‍ യുറേനിയം അണ്വായുധമുണ്ടാക്കാന്‍ ഉപയോഗിച്ചേക്കാം എന്നതിനാലായിരുന്നു കരാറില്‍ അത്തരമൊരു നിര്‍ദേശം വച്ചത്. പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം വരുന്നതോടെ ഇനി ഇറാന്റെ ലക്ഷ്യം അണ്വായുധ നിര്‍മാണമായിരിക്കുമെന്നും രാജ്യാന്തര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിയിരുന്നു.

 

Top