ഇറാന്റെ മിസൈല്‍ പരീക്ഷണങ്ങളില്‍ കരുതലോടെ അമേരിക്ക

വാഷിംഗ്ടണ്‍: കരയിലെയും കടലിലെയും ആക്രമണം ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും പരീക്ഷിച്ച് യുഎസിന് വിറപ്പിയ്ക്കുകയാണ് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി). 1800 കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗത്തെ കൃത്രിമ ലക്ഷ്യങ്ങള്‍ ഭേദിച്ച ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളാണു  ഐആര്‍ജിസി പ്രയോഗിച്ചത്.

ശത്രുക്കള്‍ നമ്മുടെ ദേശീയ താല്‍പര്യങ്ങള്‍, സമുദ്ര വ്യാപാരപാതകള്‍, ഭൂമി എന്നിവയോട് മോശമായ ആഗ്രഹം പ്രകടിപ്പിച്ചാല്‍, അവരെ മിസൈലുകളാല്‍ നശിപ്പിക്കും എന്ന സന്ദേശം കൈമാറാനാണ് ദീര്‍ഘദൂര മിസൈലുകള്‍ തിരഞ്ഞെടുത്തതെന്ന് സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഗേരി പറഞ്ഞു. ഒരു ആക്രമണത്തിനും ഉദ്ദേശിക്കുന്നില്ല. പക്ഷേ രാജ്യത്തെ ആക്രമണകാരികള്‍ നോട്ടമിട്ടാല്‍, ചെറിയ സമയത്തില്‍ മുഴുവന്‍ ശക്തിയോടെയും തിരിച്ചടിക്കുമെന്ന് ഇതിലൂടെ പ്രഖ്യാപിക്കുന്നതായും ബാഗേരി വ്യക്തമാക്കി.

മുഹമ്മദ് ബാഗേരിയുടെ വാക്കുകള്‍ ഇറാന്റെ കൃത്യമായ മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഐആര്‍ജിസി കമാന്‍ഡര്‍-ഇന്‍-ചീഫ് ഹൊസൈന്‍ സലാമിയുടെ വാക്കുകളും ഗൗരവത്തിലെടുക്കേണ്ടതാണ്. വിമാനവാഹിനികളടക്കം ശത്രു യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിടുകയെന്നതാണ് ലക്ഷ്യങ്ങളിലൊന്നെന്ന് ഹൊസൈന്‍ സലാമി പറഞ്ഞു. വെള്ളിയാഴ്ച മധ്യ ഇറാനിലെ അജ്ഞാത പ്രദേശത്തെ മരുഭൂമിയില്‍നിന്നു പുതുതലമുറ മിസൈലുകളും തൊടുത്തിരുന്നു.

ഔദ്യോഗിക മാധ്യമത്തില്‍ ഇതിന്റെ വിഡിയോകള്‍ സംപ്രേഷണം ചെയ്തു. ‘ഐആര്‍ജിസി ബാലിസ്റ്റിക് മിസൈലുകളുടെ അലര്‍ച്ചയാണിത്. അവ ഇത്തവണ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് കുതിക്കും’ എന്നായിരുന്നു ഔദ്യോഗിക ചാനലിലെ റിപ്പോര്‍ട്ടര്‍ വിശേഷിപ്പിച്ചത്. മിസൈലുകള്‍ക്കു പിന്നാലെ ‘സൂയിസൈഡ് ഡ്രോണുകള്‍’ എന്നു വിളിപ്പേരുള്ള അലഞ്ഞുനടക്കുന്ന ഡ്രോണുകള്‍ അടക്കമുള്ള ആയുധങ്ങളും ഇറാന്‍ സൈന്യം പരീക്ഷിച്ചു.

അധികാരമൊഴിയുന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് ഇറാന്‍ പ്രകോപനം സൃഷ്ടിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുതുവര്‍ഷത്തില്‍ ഇറാന്‍ ആയുധ പ്രകടനങ്ങളുമായി മേഖലയെ സംഘര്‍ഷഭരിതമാക്കുകയാണെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ബാഗ്ദാദില്‍ ട്രംപ് ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറലായിരുന്ന ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന്റെ വാര്‍ഷിക വേളയിലാണ് ഇറാന്റെ സൈനികശക്തി പരീക്ഷണം.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മിഡില്‍ ഈസ്റ്റിനു മുകളിലൂടെ ആണവശേഷിയുള്ള ബോംബറുകളടക്കം പറത്തിയ യുഎസ്, ഇറാന്റെ പ്രകോപനങ്ങളെ ‘പിന്തിരിപ്പിക്കാന്‍’ ഈ പ്രദേശത്ത് പോര്‍വിമാനങ്ങള്‍ വിന്യസിച്ചിട്ടുമുണ്ട്. യുദ്ധ സാഹചര്യമുണ്ടെന്നു കെട്ടിച്ചമയ്ക്കാനാണു യുഎസ് ശ്രമിക്കുന്നത് എന്നാണു ഈ നടപടികളെ ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആരോപിച്ചത്. 2018 ല്‍ ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയതിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷം കൂട്ടുകയാണ് ട്രംപ് ഭരണകൂടം.

Top