ഇറാനെ സമ്മര്‍ദത്തിലാക്കി യുഎസ് ;പടക്കപ്പലിന് പിന്നാലെ ബോംബര്‍ വിമാനങ്ങളെയും വിന്യസിച്ചു

ടെഹ്റാന്‍: ഇറാനെ ആശങ്കയിലാഴ്ത്തി വീണ്ടും അമേരിക്കയുടെ സായുധ നീക്കം. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് ബോംബര്‍ വിമാനങ്ങളെയാണ് ഇത്തവണ അമേരിക്ക അയച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങളെ വിന്യസിച്ചു കൊണ്ടുള്ള അമേരിക്കന്‍ നീക്കത്തില്‍ പശ്ചിമേഷ്യ ആശങ്കയിലായിക്കുകയാണ്.

ഇറാനെ ലക്ഷ്യം വെച്ച് എബ്രഹാം ലിങ്കണ്‍ എന്ന പടക്കപ്പല്‍ അയച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.ബി 52 ബോംബര്‍ വിമാനങ്ങളാണ് ഇറാന് സമീപത്തായി തമ്പടിക്കുക. ഖത്തറിലെ അല്‍ ഉബൈദ് വ്യോമ താവളത്തില്‍ ബോംബര്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ വ്യോമസേന പുറത്തുവിട്ടു.

ഇറാന്റെ കൈവശമുള്ള ആണവായുധങ്ങളുടെ പേരിലാണ് അമേരിക്കയും ഇറാനുമിടയില്‍ ശത്രുത ഉടലെടുത്തത്. ഒബാമ സര്‍ക്കാരും ഇറാന്‍ ഭരണകൂടവും തമ്മിലുള്ള ആണവകരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.ഇറാന്റ കൈവശമുള്ള അണുവായുധ ശേഖരം കൂടുതല്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഒപ്പം ഇറാന്‍ സൈന്യത്തിന്റെ ഭാഗമായുള്ള റെവല്യൂഷന്‍ ഗാര്‍ഡിനെ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇറാന്‍ തള്ളി. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

Top