ആണവകരാറിൽ നിന്ന് ഇറാൻ പിന്മാറി; ഞെട്ടി ലോകരാജ്യങ്ങൾ, വീണ്ടുമൊരു യുദ്ധത്തിലേക്കോ

ടെഹ്‌റാൻ: 2015-ൽ ഒപ്പുവച്ച ആണവകരാറിൽ നിന്ന് ഇറാൻ പൂർണമായും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇറേനിയൻ സൈനികമേധാവി ഖാസിം സുലൈമാനി അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഇറാക്കിൻറെ ഇപ്പോഴത്തെ ചുവടുമാറ്റത്തിനു കാരണം.

ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ് അടക്കം വൻശക്തികൾ 2015 ൽ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. ആവശ്യമനുസരിച്ച് യുറാനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാൻറെ പ്രഖ്യാപനം. യുഎൻ ആണവ നിരീക്ഷണസമിതിയുമായി സഹകരിക്കാനും ടെഹ്‌റാനിൽ ചേർന്ന ഇറാനിയൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി ഔദ്യോഗിക ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.

അമേരിക്കയെ കൂടാതെ ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നിവരാണ് കരാറിലുള്ളത്. ആണവകരാർ പ്രകാരം യുറാനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോ ആണ്. വരും ദിവസങ്ങളിൽ ഇത് മറികടന്നേക്കുമെന്ന് ഇറാൻറെ പ്രഖ്യാപനം.

അതേസമയം, യുഎസിന് എതിരെ കടുത്ത നടപടിയുമായി ഇറാക്കും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തുനിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന് ഇറാക്ക് പാർലമെൻറ്. ഇക്കാര്യമാവശ്യപ്പെട്ട് പാർലമെൻറ് പ്രമേയം പാസാക്കിയിരുന്നു.

Top