IPS Officers has never supported SP Sukeshan

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആദ്യം മന്ത്രി കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് തുടരന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് മലക്കം മറിയുകയും ചെയ്ത വിജിലന്‍സ് എസ്പി സുകേശന് അനുകൂലമായി ഐപിഎസ് ഉദ്യോഗസ്ഥര്‍ നിലപാടെടുക്കില്ല.

സേനയില്‍ മികച്ച ട്രാക്ക് റിക്കാര്‍ഡുണ്ടായിരുന്ന വിന്‍സന്‍ എം പോളിനെ പ്രതിരോധത്തിലാക്കിയത് സുകേശന്റെ ചില ‘ ഗൂഢതാല്‍പര്യങ്ങളായിരുന്നുവെന്ന’ നിഗമനത്തിലാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍.

സുകേശന്‍ ചെയ്ത പ്രവര്‍ത്തി സത്യമാണെന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ ബാര്‍കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നേരത്തെ പറഞ്ഞകാര്യങ്ങളെല്ലാം വിഴുങ്ങി മാണിയെ കുറ്റവിമുക്തമാക്കേണ്ട കാര്യമുണ്ടാവില്ലായിരുന്നുവെന്നും അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നതിന് തെളിവാണ് മലക്കം മറിച്ചിലെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

സുകേശനെ പിന്‍തുണച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത് വന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ഐപിഎസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസിന്റെ നിലപാടിനൊപ്പമല്ലെന്നാണ് ലഭിക്കുന്ന സൂചന.

നിലവില്‍ സര്‍ക്കാരുമായി ഉടക്കിലായ ജേക്കബ് തോമസിന്റെ പ്രതികരണത്തെ ആ ഒരു ‘സ്പിരിറ്റില്‍’ തന്നെയാണ് ഉദ്യോഗസ്ഥര്‍ കാണുന്നത്.

ഐപിഎസ് ലഭിക്കാത്ത കണ്‍ഫേഡ് എസ്പിയാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനുള്ള ആഭ്യന്തരവകുപ്പിന്റെ നിലപാടിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത് വരുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

ബാര്‍കേസില്‍ മുന്‍നിലപാട് വിഴുങ്ങി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ബിജു രമേശുമായുള്ള മുന്‍കാല പരിചയവും തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും ബിജുരമേശിന്റെ ഓഫീസില്‍ പരിശോധനക്ക് പോയതുമെല്ലാം സുകേശനില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണര്‍ത്തുന്നതായിരുന്നു.

അതേസമയം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നേരത്തെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അന്നുതന്നെ കോടതിയെ ബോധ്യപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നുവെന്ന അഭിപ്രായവും ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

ഇതിനിടെ മാണിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയ സുകേശന്‍ ബിജുരമേശ് എതിരാവാതിരിക്കാന്‍ പിന്നീട് നാടകം കളിക്കുകയായിരുന്നുവെന്ന സംശയം നിയമവിദഗ്ധരിലും ശക്തമാണ്.

Top