പിണറായി മിടുക്കനെന്ന് വിശേഷിപ്പിച്ച ഐ.പി.എസുകാരനെ പരിവാർ ‘റാഞ്ചി’

മോദി സർക്കാർ അധികാരമേറ്റശേഷം നിർണ്ണായക പദവികളിലെത്തിയ രണ്ട് മുൻ ഐ.പി.എസ് ഓഫീസർമാരെയും കേരളം സംഭാവന ചെയ്തവരാണ്. അജിത് ദേവലും ആർ.എൻ.രവിയുമാണ് ഈ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ. അജിത് ദോവൽ നിരവധി വർഷമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്.ആർ.എൻ.രവിയാകട്ടെ തമിഴ്‌നാട് ഗവർണറുമാണ്. നാഗാലാന്റ് ഗവർണർ പദവിയിൽ നിന്നാണ് ആർ.എൻ.രവിയെ തമിഴ്‌നാട് ഗവർണറായി നിയമിച്ചിരിക്കുന്നത്.1976 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രവി ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടർ ആയിരിക്കെ 2012ലാണു സർവ്വീസിൽ നിന്നും വിരമിച്ചിരുന്നത്.2014-ൽ ജോയിന്റ് ഇന്റലിജൻസ് കമ്മറ്റി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2018-ൽ ദേവലിന്റെ കീഴിൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. 2019 ജൂലൈ 2 ന് നാഗാലാൻഡിന്റെ ഗവർണറായി നിയമിക്കപ്പെട്ട ആർ.എൻ രവി വലിയ സംഭാവനയാണ് രാജ്യത്തിനു നൽകിയിരുന്നത്. നാഗായും ഇന്ത്യൻ സർക്കാരും തമ്മിലുള്ള നാഗാലാന്റ് സമാധാന ഉടമ്പടിയിലും രവിയുടെ കയ്യൊപ്പുണ്ടായിരുന്നു.

ഐ.പി.എസ് ഓഫീസറായിരിക്കെ തന്നെ കർക്കശക്കാരനായ പൊലീസ് ഓഫീസറായാണ് ആർ.എൻ.രവി അറിയപ്പെട്ടിരുന്നത്. വയലാർ രവി ആഭ്യന്തര മന്ത്രിയായിരിക്കെ കണ്ണൂർ എസ്.പി ആയിരുന്നു അദ്ദേഹം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കർക്കശ നടപടികളുമായി മുന്നോട്ട് പോയ ആർ.എൻ രവിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് സാക്ഷാൽ പിണറായി വിജയൻ തന്നെ ആഭ്യന്തര മന്ത്രിയെ വിളിക്കുകയുണ്ടായി. ‘മിടുക്കനാണ് എസ്.പി’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇക്കാര്യം ഏറെ കാലത്തിനു ശേഷം ചാനൽ ചർച്ചയിൽ തുറന്നു പറഞ്ഞതും വയലാർ രവി തന്നെയാണ്. ഒരു ഐ.പി.എസ് ഓഫീസർ എങ്ങനെ ആയിരിക്കണം എന്നതിന്റെ പ്രധാന ഉദാഹരണങ്ങളായി ഇപ്പോഴും രാജ്യത്ത് ചൂണ്ടിക്കാട്ടപ്പെടുന്നവരിൽ പ്രധാനികളാണ് അജിത് ദോവലും ആർ.എൻ രവിയും. എൻ.ഡി.എ ഭരണകാലത്താണ് ദോവലിന് നിർണ്ണായക പദവി ലഭിച്ചതെങ്കിൽ രവിയെ യു.പി.എ സർക്കാറിന്റെ കാലത്തും സുപ്രധാന പദവികൾ തേടി വന്നിട്ടുണ്ട്.ഗവർണർ പദവിയിലേക്ക് കൂടി ഉയർത്തുക വഴി മോദി സർക്കാർ വലിയ സന്ദേശമാണ് ഐ.പി.എസ് ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്. കിരൺ ബേദിക്കു ശേഷം ഗവർണർ പദവിയിലെത്തുന്ന ആർ.എൻ രവിക്ക് പ്രധാന സംസ്ഥാനമായ തമിഴ്‌നാടിന്റെ ചുമതല നൽകിയത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അത്ഭുതപ്പെടുത്തിയിരുന്നു. കർക്കശക്കാരനായ രവിയുടെ വരവിനെ തമിഴ് നാട്ടിലെ ഭരണപക്ഷമായ ഡി.എം.കെ മുന്നണിയും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഈ ആശങ്ക ഇപ്പോൾ പരസ്യമായ എതിർപ്പിനാണ് വഴിവച്ചിരിക്കുന്നത്.

ഗവർണർ ആർ.എൻ.രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പൊൻമുടി പങ്കെടുക്കാതിരുന്നതാണ് ഭിന്നത പരസ്യമാക്കിയിരിക്കുന്നത്. ബിരുദദാന ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് മന്ത്രിയുടെ ബഹിഷ്‌കരണം. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റയ്ക്ക് തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുന്നത്. സാധാരണ വൈസ് ചാൻസലറാണ് അതിഥികളെ നിശ്ചയിക്കുക.എന്നാൽ, ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ വൈസ് ചാൻസലറുമായ തന്റെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവർണറുടെ ഓഫീസിന്റെ മാത്രം നിർദേശപ്രകാരം അതിഥികളെ നിശ്ചയിച്ചതെന്നാണ് മന്ത്രി തുറന്നടിച്ചിരിക്കുന്നത്.

ഗവർണർ ബിജെപിയുടെ ഏജന്റിനെപ്പോലെ പ്രവർത്തിക്കുന്നുവെന്നും സർവകലാശാലാ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ബിജെപി രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവും മന്ത്രി നടത്തിയിട്ടുണ്ട്.തുടർന്ന് ചടങ്ങിനെത്തിയ ഗവർണർക്ക് നേരെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ കരിങ്കൊടി പ്രതിഷേധവും അരങ്ങേറുകയുണ്ടായി. ഇവരെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്.

ഇതോടെ, സ്റ്റാലിൻ സർക്കാരും ഗവർണർ ആർ.എൻ.രവിയും തമ്മിലുള്ള ഉടക്ക് പുതിയ വഴിതിരിവിൽ എത്തിയിരിക്കുകയാണ്.ഭരണഘടനാ സ്ഥാനത്തിരുന്ന് ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ ഒപ്പുവയ്ക്കാതെയും പ്രമേയങ്ങൾ രാഷ്ട്രപതിക്ക് അയക്കാതെയും ഗവർണ്ണർ ഇനിയും നിസ്സഹകരിക്കുന്നത് തുടർന്നാൽ വലിയ പ്രതിസന്ധിയിലേക്കാണ് തമിഴകം പോവുക. മറ്റു ഗവർണർമാരിൽ നിന്നും വ്യത്യസ്തമായി ഒരു ഐ.പി.എസ് പശ്ചാത്തലം ആർ.എൻ രവിയ്ക്ക് ഉള്ളതിനാൽ പിടിവാശിയും വളരെ കൂടുതലാണ്. ഇതു തന്നെയാണ് സ്റ്റാലിൻ സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയും . . .


EXPRESS KERALA VIEW

Top