യതീഷ് ചന്ദ്ര ഇനി കർണ്ണാടക പൊലീസ്, ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2011 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്ര, ഇനി മുതൽ കർണ്ണാടക പൊലീസിൻ്റെ ഭാഗമാകും. ഇതു സംബന്ധമായ അപേക്ഷ പരിഗണിച്ച്, ഡെപ്യൂട്ടേഷൻ ഉത്തരവ് കേന്ദ്ര സർക്കാറാണ് പുറത്തിറക്കിയിരിക്കുന്നത്. മൂന്നു വർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ആവശ്യമെങ്കിൽ, ഇത് പിന്നീട് നീട്ടി നൽകാനും കഴിയും.

യതീഷ് ചന്ദ്രയുടെ ഡെപ്യൂട്ടേഷന് അനുകുലമായ നിലപാടാണ് കേരള, കർണ്ണാടക സർക്കാറുകളും കൈ കൊണ്ടിരിക്കുന്നത്. കർണ്ണാടക സ്വദേശിയായ യതീഷ് ചന്ദ്ര ഐ.ടി വിദഗ്ദൻ കൂടിയാണ്. കേരളത്തിൽ ഏറ്റവും അധികം ആരാധകർ ഉള്ള പൊലീസ് ഓഫീസറും യതീഷാണ്. താരങ്ങൾ വരെ ഈ കാക്കിയുടെ കാർക്കശ്യത്തെ ആരാധിക്കുന്നവരാണ്. കേന്ദ്ര മന്ത്രി മുതൽ വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ വരെ യതീഷ് ചന്ദ്രയുടെ കാർക്കശ്യം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ക്രിമിനലുകളെ അടിച്ചമർത്തുന്ന കാര്യത്തിലും അസാധാരണ മിടുക്കാണ് ഈ യുവ ഐ.പി.എസ് ഓഫീസർ കാഴ്ചവച്ചിരിക്കുന്നത്. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ക്രിമിനലുകളുടെ പേടിസ്വപ്നമാണ് യതീഷ് ചന്ദ്ര.

വടകര എ.എസ്.പി, എറണാകുളം റൂറല്‍ എസ്.പി, സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, തൃശൂർ റൂറൽ എസ്.പി, തൃശൂർ കമ്മീഷണർ, കണ്ണൂർ എസ്.പി തുടങ്ങി ഈ ഐ.പി.എസുകാരൻ ഇരുന്ന പോസ്റ്റുകളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്.രാഷ്ട്രീയക്കാരോട് കൊടിയുടെ നിറം നോക്കി പെരുമാറില്ലന്നതിനും നിരവധി തെളിവുകളുണ്ട്.

എറണാകുളം റൂറല്‍ എസ്.പി യായിരിക്കെ, സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി ഓഫീസിലടക്കം കയറി പ്രവര്‍ത്തകരെ മാത്രമല്ല, നേതാക്കളെയും അടിച്ച് ഓടിച്ചിട്ടുണ്ട് ഈ യുവ ഐ.പി.എസുകാരന്‍. അങ്കമാലിയിൽ, ദേശീയ പാതയിൽ വഴിതടയലില്‍ തുടങ്ങിയ സംഘര്‍ഷം, പൊലീസിന് നേരെ അതിക്രമമായതോടെയാണ് എസ് പി നേരിട്ട് കളത്തിലിറങ്ങി, പൊലീസ് ആക്ഷന് നേതൃത്ത്വം കൊടുത്തിരുന്നത്. നിരവധി പേര്‍ക്കാണ് അന്ന് ലാത്തി ചാര്‍ജില്‍ സാരമായി പരിക്കേറ്റിരുന്നത്.

 

ഇതിനെതിരെ വ്യാപകമായ പ്രതിഷേധം സിപിഎം എസ്.പിക്ക് നേരെ ഉയര്‍ത്തിയിരുന്നെങ്കിലും, പിന്നീട് എസ്പിയുടെ നടപടി മന:പൂര്‍വ്വമല്ലെന്നും, സാഹചര്യം മൂലമായിരുന്നെന്നും മനസ്സിലാക്കി, തുടർ പ്രതിഷേധത്തില്‍ നിന്നും സി.പി.എം പിന്മാറുകയായിരുന്നു. എന്നിട്ട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ആദ്യം ക്രൈംബ്രാഞ്ചിലും, അതിനു ശേഷം എറണാകുളം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും അദ്ദേഹത്തിന് നിയമനവും നല്‍കുകയുണ്ടായി.

കൊച്ചിയില്‍ യതീഷ് ചന്ദ്ര പണി തുടങ്ങിയതോടെ, ക്രിമിനലുകളുടെ ഉറക്കമാണ് നഷ്ടപ്പെട്ടത്. ഗുണ്ടകള്‍ക്കെതിരായ നപടി ശക്തമാക്കിയതോടെ, ജയിലുകള്‍ നിറയുന്ന സാഹചര്യം വരെയുണ്ടായി. അവശേഷിച്ച ഗുണ്ടകള്‍ക്ക് പൊലീസിനെ പേടിച്ച് സിറ്റിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടിയും വന്നു. അന്നു റേഞ്ച് ഐ.ജിയായിരുന്ന പി.വിജയന്റെ മേല്‍നോട്ടത്തില്‍, ഡി.സി.പി യതീഷ് ചന്ദ്രയും ടീമും നടത്തിയ, നല്ലൊരു ഓപ്പറേഷനായിരുന്നു അത്. ഇതിനു ശേഷം വൈപ്പിനിലെ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയാണ്, യതീഷ് ചന്ദ്രയെ മാധ്യമങ്ങള്‍ വില്ലനാക്കുന്നതില്‍ കലാശിച്ചത്.

അദ്ദേഹം ലീവിലായ സമയത്ത് നടന്ന പൊലീസ് ലാത്തി ചാര്‍ജ്ജിന്റെ പഴി കേള്‍ക്കേണ്ട ഗതികേടു വരെ ഉണ്ടായി.പ്രധാനമന്ത്രി എത്തുന്ന ദിവസത്തിന് തലേ ദിവസം റോഡ് ഉപരോധിച്ച സമരക്കാരെ, യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്ത ദൃശ്യങ്ങളാണ്, മാധ്യമങ്ങള്‍ വൈപ്പിനിലെ ലാത്തി ചാര്‍ജിനൊപ്പം തെറ്റി ധരിപ്പിച്ച് സംപ്രേക്ഷണം ചെയ്തിരുന്നത്.ഇതുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ ‘അന്തി ചര്‍ച്ച’ വരെ നടത്തിയാണ് വിഷയം ആളിക്കത്തിച്ചിരുന്നത്. തുടര്‍ന്ന് വി എസ് അച്ചുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി ഭരണപക്ഷത്ത് നിന്നുള്ള നേതാക്കള്‍ തന്നെ, യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ത്തുകയുണ്ടായി. എന്നാല്‍, തെളിവ് സഹിതം യഥാര്‍ത്ഥ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തായതോടെ, തെറ്റായ വാര്‍ത്ത നല്‍കിയവരാണ് യഥാർത്ഥത്തിൽ വെട്ടിലായത്.

 

yatheesh-chandra

ഡി.സി.പിക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്ന ഉറച്ച നിലപാട് സര്‍ക്കാര്‍  സ്വീകരിച്ചതും,പ്രതിഷേധക്കാര്‍ക്കും, വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും വലിയ തിരിച്ചടിയായി. അതേസമയം, വിവാദം കത്തി പടര്‍ന്നപ്പോഴും, മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടിയപ്പോഴും, പ്രധാനമന്ത്രി വരുന്നതിന് തലേ ദിവസം നടത്തിയ പൊലീസ് നടപടിയുടെ ഉത്തരവാദിത്വം, യതീഷ് ചന്ദ്ര സ്വയം ഏറ്റെടുക്കുകയാണുണ്ടായത്. പ്രധാനമന്ത്രിക്ക് ഭീഷണി നിലനില്‍ക്കെ, സെക്യൂരിറ്റി പരിശോധന പൂര്‍ത്തിയാക്കിയ റോഡില്‍, സമരക്കാര്‍ കുത്തിയിരിപ്പു നടത്തിയതിനാൽ, നീക്കം ചെയ്യേണ്ടത് അനിവാര്യമായിരുന്നു എന്ന ഉറച്ച നിലപാടിൽ തന്നെയായിരുന്നു യതീഷ് ചന്ദ്ര.

ശബരിമല സംഘർഷ സമയത്ത് പ്രത്യേക സുരക്ഷാ ചുമതലയിൽ സർക്കാർ നിയരുന്നതും യതീഷ് ചന്ദ്രയെയായിരുന്നു. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണന്‍റെ അകമ്പടി വാഹനങ്ങൾ, നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തത്, വലിയ തർക്കത്തിലേക്കാണ് പോയിരുന്നത്. അനിഷ്ട സംഭവമുണ്ടായാൽ, ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന ചോദ്യം കേന്ദ്ര മന്ത്രിയോട് യതീഷ് ചന്ദ്ര ഉയർത്തിയത്, ദേശീയ മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായി മാറിയിരുന്നു. ഇതു സംബന്ധമായി യതീഷ് ചന്ദ്രക്കെതിരെ ബി.ജെ.പി പരാതി നൽകിയിരുന്നെങ്കിലും, ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നില്ല.

yatheesh chandra

യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നൽകിയ പരാതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിക്കളയുകയാണുണ്ടായത്. യതീഷ് ചന്ദ്ര ഗുരുതര തെറ്റൊന്നും ചെയ്തിട്ടില്ലന്ന നിലപാടാണ്, ബി.ജെ.പി കേന്ദ്ര നേതൃത്വവും സ്വീകരിച്ചിരുന്നത്. കണ്ണൂർ എസ്.പിയായിരിക്കെ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടം കൂടി നിന്നവരെ യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവവും, വലിയ വിവാദമുണ്ടാക്കിയ സംഭവമാണ്.

വിട്ടുവീഴ്ച ഇല്ലാതെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഈ ഐ.പി.എസുകാരൻ്റെ അടുത്ത ദൗത്യം ഇനി കർണ്ണാടകയിലാണ്. ക്രിമിനലുകളുടെ വിളനിലം കൂടിയായ ബെംഗളുരുവിലേക്കാണ് പുതിയ നിയോഗം.

Top