കമ്മീഷണറെ കുരിശിലേറ്റൻ ശ്രമിക്കണ്ട, മനുഷ്യാവകാശം പാപികൾക്ക് ബാധകമല്ല

.പി.എസ് എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ സര്‍വ്വീസല്ലന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ ഐ.പി.എസ് ഓഫീസര്‍ വി.സി സജ്ജനാര്‍. തൊപ്പി തെറിച്ചാലും വേണ്ടില്ല പ്രതികളെ പണിഷ് ചെയ്യുമെന്ന ആ ചങ്കൂറ്റത്തിനാണ് നാം സല്യൂട്ട് ചെയ്യേണ്ടത്. രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളുന്ന പൊലീസുദ്യോഗസ്ഥര്‍ കണ്ട് പഠിക്കേണ്ട ആര്‍ജവമാണിത്.

രാജ്യത്തെ നടുക്കിയ ബലാത്സംഗ കേസിലെ പ്രതികളെയെല്ലാം അതേ സ്ഥലത്ത് വച്ച് തന്നെയാണ് വെടിവെച്ച് കൊന്നിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ വെടിവയ്പ്പ് എന്നത് ഒരു വാദത്തിന് മാത്രമായേ സമ്മതിക്കാന്‍ പറ്റൂ.

നിയമവും കോടതിയും ഒക്കെ കണ്‍ തുറന്ന് നില്‍ക്കുന്ന രാജ്യത്ത് ഇത്തരം വാദങ്ങള്‍ സ്വാഭാവികവുമാണ്. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്ന് വിശാല അര്‍ത്ഥത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഒരിക്കല്‍ പോലും പൊലീസിനെ കുറ്റം പറയാന്‍ കഴിയുകയില്ല.

കാരണം മൃഗീയം എന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ പോലും തല താഴ്ത്തി പോകുന്ന ആക്രമണമാണ് വനിതാ ഡോക്ടര്‍ക്ക് നേരെ നടന്നിരിക്കുന്നത്. കൂട്ട ബലാത്സംഗത്തിനിരയാക്കിയിട്ടും കലിയടങ്ങാതെ കത്തിച്ച് കളയുകയാണ് അക്രമികള്‍ ചെയ്തത്.

ഇവരുടെ ശിക്ഷ ജനങ്ങള്‍ക്ക് വിട്ട് കൊടുക്കണമെന്ന് രാജ്യസഭയില്‍ പറഞ്ഞത് ജയാ ബച്ചനാണ്. പൊട്ടിക്കരഞ്ഞ് പ്രതികരിച്ചത് പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരുമാണ്. സാധാരണ ജനങ്ങളുടെ വികാരമാണ് നിയമനിര്‍മ്മാണസഭയിലും പ്രതിഫലിച്ചിരുന്നത്.

ഒരു ജനാധിപത്യ രാജ്യത്ത് വിചാരണയും ശിക്ഷയും എല്ലാം നിയമാനുസൃതം തന്നെയാണ് നടക്കേണ്ടത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ ഈ നിയമങ്ങളെല്ലാം അക്രമികള്‍ സൗകര്യമാക്കുകയാണെങ്കില്‍ ‘സഡന്‍’ ആക്ഷന്‍ തന്നെയാണ് സ്വീകരിക്കേണ്ടത്.

അങ്ങനെ വിലയിരുത്തുമ്പോള്‍ കമ്മീഷണര്‍ സജ്ജനാറിന്റെ പൊലീസ് ചെയ്തത് ശരി തന്നെയാണ്. ഇവിടെ പൊലീസ് വാദങ്ങള്‍ നാം വിശ്വസിച്ചേ പറ്റൂ. നാളെ ഒരാളും ഒരു സ്ത്രീയുടെ നേരെയും അതിക്രമത്തിന് മുതിരാന്‍ പാടില്ല. പൊലീസ് ഉഷാറായാല്‍ ക്രിമിനലുകള്‍ മാളത്തിലൊളിക്കും. കുറ്റം ചെയ്യാനുള്ള മാനസികാവസ്ഥ തന്നെ അവര്‍ക്ക് പേടി സ്വപ്നമായി മാറുകയും ചെയ്യും. അത്തരമൊരു അവസ്ഥ സൃഷ്ടിച്ചാല്‍ മാത്രമേ നാട്ടില്‍ പൊലീസിങ്ങും കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുകയൊള്ളൂ.

ഹെല്‍മറ്റ് ധരിക്കാത്തവനെയല്ല ഇത്തരം കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവരെയാണ് ആദ്യം പണിഷ് ചെയ്യേണ്ടത്.

സ്ത്രീ പീഢനം വര്‍ദ്ധിച്ച് വരുന്ന രാജ്യത്ത് ഇത്തരം നടപടികള്‍ അനിവാര്യവുമാണ്.

എത്ര വലിയ കൊടും കുറ്റവാളിയായാലും അവനു വേണ്ടി രംഗത്തിറങ്ങാനും ചിലരുണ്ട് നമ്മുടെ നാട്ടില്‍. ‘അമ്മയെ തല്ലിയാലും രണ്ടഭിപ്രായമെന്ന് പറയുന്നതുപോലെയാണിത്’.

മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന പേരില്‍ ഇറങ്ങുന്ന ഇത്തരക്കാരെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ക്ക് ഒരനുഭവം ഉണ്ടായാല്‍ മാത്രമേ ഇക്കൂട്ടരും ഇനി പഠിക്കുകയൊള്ളു.

തെലങ്കാന കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി രംഗത്തിറങ്ങുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ ജനങ്ങള്‍ തന്നെയാണ് ചോദ്യം ചെയ്യേണ്ടത്.

പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലന്ന് വളരെ മുന്‍പ് തന്നെ പ്രഖ്യാപിച്ച അഭിഭാഷകരുടെ മനസ്സ് പോലും ഇവര്‍ക്കില്ലാതെ പോയി.

വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് പറഞ്ഞാണ് ചിലരിപ്പോള്‍ വിവാദം കുത്തിപ്പൊക്കുന്നത്. വ്യാജ ഏറ്റുമുട്ടലായാലും നടന്നത് ഒറിജിനലായി നടക്കേണ്ട ‘കാര്യം’ തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

സ്വന്തം വീട്ടിലെ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടല്ല, തെലങ്കാന പൊലീസ് വെടിവെച്ചിരിക്കുന്നത്. ഇക്കാര്യം അഭിനവ മനുഷ്യ സ്‌നേഹികള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നാട്ടില്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കുന്നതിനാണ് കൈവിട്ട നടപടിക്ക് പൊലീസിവിടെ നിര്‍ബന്ധിതമായിരിക്കുന്നത്.

ഇന്ന് വനിതാ ഡോക്ടര്‍ക്കുണ്ടായ ആക്രമണം നാളെ ആര്‍ക്കെതിരെയും ആവര്‍ത്തിക്കാം. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു വേണം പൊലീസ് നടപടിയെ വിമര്‍ശിക്കുവാന്‍. പാപികള്‍ക്ക് ശിക്ഷ വിധിച്ച കാക്കി പടയെ ബഹുഭൂരിപക്ഷം ജനങ്ങളും അഭിനന്ദിച്ചാണിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെ പ്രതികരണത്തില്‍ തന്നെ അത് വ്യക്തവുമാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ സജജനാര്‍ക്കാണ് പൊന്‍തൂവല്‍. സ്ത്രീകള്‍ അടക്കം അനവധി പേരാണ് ഈ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.

സ്ത്രീകള്‍ക്ക് നേരെ കൈ ഉയര്‍ത്തിയവന്റെ ‘തല അരിയണം’ എന്ന സിനിമാ ഡയലോഗല്ല, ഇതാണ് യഥാര്‍ത്ഥത്തില്‍ ഹീറോയിസം. ഈ ഐപിഎസുകാരന്റെ കരിയറിലെ ആദ്യ സംഭവമൊന്നുമല്ല ഈ വെടിവപ്പ്. സജ്ജനാര്‍ വാറങ്കല്‍ എസ്പിയായിരിക്കുമ്പോള്‍ രണ്ടു യുവതികള്‍ക്ക് നേര്‍ക്ക് ആസിഡാക്രമണം നടത്തിയ പ്രതികളേയും പൊലീസ് വെടിവെച്ചാണ് കൊന്നിരുന്നത്.

ആസിഡ് ആക്രമണം നടത്തിയ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്ന് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നത്.വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്നിരുന്നെങ്കിലും പൊലീസിന് പൊതുസമൂഹത്തില്‍ നിന്നും ഏറെ കയ്യടി കിട്ടിയ സംഭവമായിരുന്നു ഇതും.

പുതിയ കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ധൈര്യപ്പെടാത്തതാണ് ഈ ഐ.പി.എസുകാരന്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.സിനിമകളിലെ പൊലീസിന്റെ ഹീറോയിസത്തിനെ പോലും കവച്ച് വയ്ക്കുന്ന നീക്കമാണിത്.തങ്ങളുടെ യഥാര്‍ത്ഥ ഹീറോ സജജനാറാണെന്ന് ജനങ്ങള്‍ പറയുന്നത് കാക്കിയിലെ ഈ കര്‍ക്കശ നിലപാടിനുള്ള പിന്തുണ കൂടിയാണ്.

Express View

Top