കടല്‍ കടന്ന് മറുനാട്ടിലും പ്രശംസനേടി മലയാളി ഐ.പി.എസ് ഓഫീസറുടെ പുസ്തകം

തിരുവനന്തപുരം: സൈബര്‍ ഡോമിലൂടെ സൈബര്‍ ക്രൈം രംഗത്ത് പുതിയ പ്രതിരോധം കൊണ്ടുവന്ന പൊലീസാണ് കേരളത്തിലേത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോം കാഴ്ച വച്ചിരിക്കുന്നത്.

ഇപ്പോഴിതാ കടല്‍ കടന്ന് മറ്റൊരു പെരുമ കൂടി കേരള പൊലീസ് കരസ്ഥമാക്കിയിരിക്കുകയാണ്.

കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുമായ സഞ്ജയ് കുമാര്‍ ഗരുഡിന്‍ രചിച്ച.. പുസ്തകം അറബിയിലും ശ്രദ്ധേയമായിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണിത്.
‘ഈസ് യുവര്‍ ചൈള്‍ഡ് സേഫ്’ എന്ന പുസ്തകമാണ് ‘ഹല്‍ അത്ഫലൂക്കും അമിനൂണ്‍’ എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിച്ചത്. ഡോ. അബ്ദുല്ല കാവിലാണ് പരിഭാഷ നിര്‍വഹിച്ചത്. ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകം കഴിഞ്ഞ ദിവസം ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. മലയാളം, അറബി എന്നിവയ്ക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളും പുറത്തിറങ്ങിക്കഴിഞ്ഞു. തമിഴ് പതിപ്പ് തയ്യാറായിവരികയാണ്. ഇവ ഉടന്‍ പുറത്തിറങ്ങും. മലയാളത്തില്‍ മാത്രം നാല് പതിപ്പിലായി 20,000 കോപ്പികള്‍ ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയ അടക്കമുള്ള ഓണ്‍ലൈന്‍ വഴി കുട്ടികള്‍ നേരിടുന്ന വിവിധ തരം ചൂഷണങ്ങള്‍, അതിന്റെ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, നിയമം, രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിവിധ ഭാഗങ്ങള്‍ പുസ്തകത്തിലുണ്ട്. ചില കേസ് സ്റ്റഡികളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2015ല്‍ തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ ലഭിച്ച ചില പരാതികളാണ് പുസ്തകം എഴുതാന്‍ ഈ ഐപിഎസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത്. പല കേസിലും ഇരയ്ക്കും രക്ഷിതാക്കള്‍ക്കും ഇത്തരം ചതിക്കുഴികളെ കുറിച്ച് ശരിയായ അറിവില്ലായ്മയായിരുന്നു പ്രശ്നമായിരുന്നത്. ഇതേതുടര്‍ന്നാണ് സഞ്ജയ് കുമാര്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പുസ്തകം രചനയിലേക്ക് തിരിഞ്ഞിരുന്നത്.

ഉത്തര്‍പ്രദ്ദേശ് സ്വദേശിയാണ് ഈ യുവ ഐ.പി.എസ് ഓഫീസര്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള കേരള പൊലീസിന്റെ മുന്നണി പോരാളികൂടിയാണ്.

Top