ജനങ്ങളുടെ ഹീറോയായ ഐ.പി.എസ് ഓഫീസർ എച്ച് 1 എൻ 1 ബാധിച്ച് മരിച്ചു !

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനേയും നക്‌സലേറ്റുക്കാരേയും വിറപ്പിച്ച ഐപിഎസ് ഓഫീസര്‍ മധുകര്‍ ആര്‍ ഷെട്ടി (47) അന്തരിച്ചു. എച്ച്1എന്‍1 പനിയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.

കര്‍ണാടക കേഡറില്‍ 1999 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ മധുകര്‍ ഷെട്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രഘുരാമ ഷെട്ടിയുടെ മകനാണ്. ഹൈദരാബാദ് സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുവര്‍ണ. ഒരു മകളുണ്ട്.

വീരപ്പനെ പിടികൂടിയ സംഘത്തിലെ പ്രധാനിയായിരുന്ന മധുകര്‍, ആന്റി നക്‌സല്‍ സേനയുടേയും ഭാഗമായിരുന്നു. ബല്ലാരിയിലെ അനധികൃത ഖനനക്കേസ് ഉള്‍പ്പെടെ ശ്രദ്ധേയമായ പല കേസുകളും മധുകര്‍ അന്വേഷിച്ചിട്ടുണ്ട്.

ലോകായുക്ത എസ്.പി.യായിരുന്ന മധുകര്‍ ബി.ജെ.പി. നേതാവ് ജനാര്‍ദന റെഡ്ഡിക്കെതിരേയുള്ള അന്വേഷണത്തില്‍ മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിക്കമംഗളൂരു എസ്.പി.യായിരുന്ന കാലത്ത് അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചുപിടിച്ച് ദളിത് വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മധുകര്‍ ഷെട്ടിയുടെ മൃതദേഹം ശനിയാഴ്ച യെലഹങ്ക ആംഡ് പോലീസ് ട്രെയിനിങ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഞായറാഴ്ച ജന്മനാടായ ഉഡുപ്പിയിലെ കുന്ദാപുരയില്‍ സംസ്‌കരിക്കും. നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. സത്യസന്ധനായ പോലീസുദ്യോഗസ്ഥനായിരുന്നു മധുകറെന്നും ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥനായിരുന്നെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മുന്‍മന്ത്രി രാമലിംഗ റെഡ്ഡി, മുന്‍ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, പ്രതാപ് സിംഹ എം.പി., ഡി.ജി.പി. നീലാമണി എന്‍. രാജു, ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ടി. സുനീല്‍ കുമാര്‍ തുടങ്ങിയവരും അനുശോചിച്ചു.

ഇതിനിടെ മധുകര്‍ ഷെട്ടിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലേയും ബി.ജെ.പി.യിലേയും നേതാക്കള്‍ രംഗത്തെത്തി. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തണമെന്നും മന്ത്രി ഡി.കെ. ശിവകുമാറും ശോഭ കരന്ദലജെയും ആവശ്യപ്പെട്ടു.

Top