ഐ.പി.എസ് കളഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞ് യുവ പൊലീസ് ഓഫീസര്‍ !

ബെംഗലൂരു: കര്‍ണാടക പൊലീസിലെ സിങ്കം എന്നറിയപ്പെടുന്ന അണ്ണാമല ഐപിഎസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍. സത്യസന്ധനും നീതിമാനുമായ ആ ഉദ്യോഗസ്ഥന്‍ തന്റെ ഐപിഎസ് ജീവിതം ഉപേക്ഷിച്ച് ഒരു പച്ച മനുഷ്യനായി ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പൊലീസ് ജീവിതം അവസാനിപ്പിച്ച് ഇനി കൃഷിപ്പണി ചെയ്യാനാണു തീരുമാനമെന്ന് അണ്ണാമല പുറത്തു വിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇനി കൃഷിപ്പണി ചെയ്യാനാണു തീരുമാനമെന്നു വ്യക്തമാക്കിയ അണ്ണാമലൈ, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കാനും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം സര്‍വീസില്‍ നിന്ന് പിരിഞ്ഞു പോകാനുള്ള അണ്ണാമലയുടെ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് പലരും. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി 9 വര്‍ഷത്തോളം സേവനമുഷ്ടിച്ചശേഷമാണ് അണ്ണാമല രാജി പ്രഖ്യാപിച്ചിരിക്കുന്നത്. 2009ല്‍ 284ാം റാങ്ക് നേടിയാണ് അണ്ണാമലൈ സിവില്‍ സര്‍വീസ് പാസായത്. ഇപ്പോള്‍ ബെംഗളൂരു സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, അഭ്യുദയകാംക്ഷികളെ,

എന്റെ രാജിയെക്കുറിച്ച് പറയാനാണീ കുറിപ്പ്. ആറുമാസത്തെ ആലോചനയ്ക്കു ശേഷമാണ് ഒന്‍പതു വര്‍ഷം നീണ്ട പൊലീസ് സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ ഒന്‍പതു വര്‍ഷവും കാക്കിയിലുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. കാക്കി നല്‍കിയ അഭിമാനം സമാനതകളില്ലാത്തതാണ്. എന്റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹം ഒരിക്കലും മറക്കാനാകില്ല. ദൈവത്തോട് അടുത്ത് നില്‍ക്കുന്ന ജോലിയായിട്ടാണ് പൊലീസിനെ ഞാന്‍ കാണുന്നത്. അധികസമര്‍ദ്ദവും ജോലി ഭാരവുമൊക്കെ ഇതിന്റെ ഒരു ഭാഗമാണ്. ഇതുമൂലം പല സ്ഥലങ്ങളിലും എത്താനാകാതെ പോയി.

കഴിഞ്ഞ വര്‍ഷം നടത്തിയ കൈലാസ്- മാനസരോവര്‍ യാത്ര പലരീതിയിലും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അതോടൊപ്പം എന്റെ പ്രിയപ്പെട്ട മധുകര്‍ ഷെട്ടി സാറിന്റെ മരണവും ജീവിതത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിച്ചു. എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്ട്, അതുപോലെ എന്റെ കാക്കി ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളുണ്ട്. എന്നാല്‍ ഒരിക്കലും അങ്ങനെയൊരു ഉദ്ദേശമില്ല. എനിക്കും എന്റെ ഭാര്യയ്ക്കും വൈകാരിക നിമിഷങ്ങളാണ് ജീവിതം തന്നുകൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

ഞാന്‍ നഷ്ടമാക്കിയ ചെറിയ സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇനിയുള്ള ജീവിതം. എന്റെ മകന്റെ നല്ല അച്ഛനാകണം, അവന്റെ വളര്‍ച്ചയുടെ ഓരോ പടവും കാണണം. രാജിവെച്ച ശേഷം ആറുമാസം വിശ്രമ ജീവിതമായിരിക്കും. അതിനുശേഷം എനിക്ക് പ്രിയപ്പെട്ട കൃഷിപ്പണിയിലേക്ക് ഇറങ്ങും. പൊലീസുകാരന്‍ അല്ലാത്ത എന്നെ എന്റെ ആടുകള്‍ അനുസരിക്കുന്നുണ്ടോയെന്ന് അറിയണമല്ലോ?

ഇത്രയും കാലം എല്ലാവരോടും സഹവര്‍ത്തിത്തോടുകൂടിയാണ് പെരുമാറിയതെന്നാണ് വിശ്വാസം. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

സ്‌നേഹത്തോടെ,

അണ്ണാമലൈ

Top