ഭീകര ഭീഷണി; കേരളത്തിലെ പൊലീസ് നേരിടുന്നത് ചരിത്രത്തിലെ വൻ വെല്ലുവിളി

നാട് കാക്കാന്‍ സ്വന്തം ഉയിര് വരെ നല്‍കാന്‍ സന്നദ്ധരായവരാണ് നമ്മുടെ സേനാംഗങ്ങള്‍. അത് സൈന്യമായാലും പൊലീസായാലും നാടിനോടുള്ള കടപ്പാടാണ് അവരെ നയിക്കുന്നത്.

മുംബൈയില്‍ ഭീകരരുടെ നിറത്തോക്കിന് മുന്നില്‍ ഹേമന്ത് കര്‍ക്കരെ എന്ന ഐ.പി.എസ് ഓഫീസര്‍ ഉള്‍പ്പെടെ 17 പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മലയാളി ഉള്‍പ്പെടെ രണ്ട് എന്‍.എസ്.ജി കമാന്‍ഡോകളും ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു.

മുംബൈ സ്‌ഫോടനത്തില്‍ അന്ന് ആകെ കൊല്ലപ്പെട്ടത് 160 പേരാണ്. രാജ്യത്തെ നടുക്കിയ ഈ സ്‌ഫോടനത്തിന് ശേഷവും പല സ്‌ഫോടനങ്ങളും തീവ്രവാദികള്‍ രാജ്യത്ത് നടത്തി. അത് ഒടുവില്‍ പുല്‍വാമയില്‍ ചെന്നെത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനം കേരളത്തെയും ഭയപ്പെടുത്തുന്നതാണ്.

രാജ്യത്ത് ഏറ്റവും സുരക്ഷിതമായി വിലയിരുത്തപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിലും തീവ്രവാദ സാന്നിധ്യം ശക്തമാകുന്നത് അപകടകരമായ മുന്നറിയിപ്പാണ്.

മുന്‍പ് ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച തീവ്രവാദികളില്‍ മലയാളികള്‍ ഉണ്ടായിരുന്നതായ വാര്‍ത്തയാണ് കേരളത്തെ ഞെട്ടിച്ച ആദ്യ സംഭവം.

എ.കെ 47 തോക്കുകള്‍ ഇവരില്‍ നിന്നും കണ്ടെത്തിയ വാര്‍ത്ത കേട്ട് അവരുടെ ബന്ധുക്കള്‍ പോലും അമ്പരന്നിരുന്നു. ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് അവിശ്വസിനീയമായ കാര്യമായിരുന്നു അത്.

ഇതിനു ശേഷം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പലതിന്റെയും ഉറവിടം കേരളമായിരുന്നു. സിറിയയിലേക്ക് ഭീകര സംഘടനയായ ഐ.എസ് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതായ വിവരം രാജ്യത്തെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ജൂണില്‍ കാസര്‍ഗോട്ടെ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള 10 പേര്‍ യെമനിലേക്ക് കടന്നതായ വാര്‍ത്ത രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘത്തില്‍ 3 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു എന്നതും ഏറെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്.

മംഗളുരുവില്‍ നിന്നും ദുബായ് വഴിയും കൊച്ചിയില്‍ നിന്നും ഒമാന്‍ വഴിയുമാണ് രണ്ട് കുടുംബങ്ങള്‍ യെമനില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഐ.എസില്‍ ആകൃഷ്ടരാകുന്നവര്‍ യെമനിലാണ് ആദ്യം എത്തുകയെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി മലയാളികള്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായ വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഐഎസില്‍ ചേര്‍ന്ന് സ്വന്തം ജീവന്‍ തന്നെ ബലികൊടുക്കാന്‍ തയ്യാറാകുന്നവരുടെ മാനസികാവസ്ഥയെ നാം പേടിക്കുക തന്നെ വേണം.

kerala police

253 പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനവും കേരളത്തില്‍ വിതക്കുന്നത് വലിയ ആശങ്കകളാണ്. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ശ്രീലങ്കന്‍ ചാവേര്‍ ഭീകരന്‍ സഹ്‌റാന്‍ ഹാഷ്മിന്റെ ആശയ പ്രചാരകനായിരുന്ന റിയാസ് അബൂബക്കറില്‍ നിന്നും എന്‍.ഐ.എ സംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ ചില ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ ആലോചന ഉണ്ടായിരുന്നതായാണ് ആ വെളിപ്പെടുത്തല്‍. എന്നാല്‍, ഇതു സംബന്ധമായ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ തയ്യാറായിട്ടില്ല.

ഇതിനിടെ, കൊച്ചി ഉള്‍പ്പെടെ സംസ്ഥാനത്തെ നഗരങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ നിന്നും ഏറെ അകലെയല്ല കേരളം എന്നത് മലയാളികളെ ഭയപ്പെടുത്തുന്നത് തന്നെയാണ്.

കുറ്റാന്വേഷണ രംഗത്ത് രാജ്യത്തെ തന്നെ മികച്ച സേനയാണെങ്കിലും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും ആന്ധ്രയിലും ഉള്ള സംവിധാനങ്ങള്‍ പോലും കേരള പൊലീസിന് നിലവിലില്ല.

മാവോയിസ്റ്റ് ഭീഷണി ചെറുക്കാന്‍ ഉണ്ടാക്കിയ തണ്ടര്‍ബോള്‍ട്ട് മാത്രമാണ് സായുധ വിഭാഗത്തില്‍ പ്രധാന കരുത്ത്. കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ സായുധ പൊലീസിന്റെ സാന്നിധ്യം അനിവാര്യമായ കാലഘട്ടമാണിത്. അതുപോലെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങളും പുനസംഘടിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

എന്‍.ഐ.എ വന്ന് കണ്ടെത്തുന്നതിന് മുന്‍പ് കുറ്റവാളികളെ പിടിക്കാന്‍ നമ്മുടെ പൊലീസിന് തന്നെ കഴിയണം. അതിന് പറ്റുന്ന മിടുക്കരായ ഉദ്യാഗസ്ഥര്‍ കേരള പൊലീസില്‍ തന്നെയുണ്ട്. എന്‍.ഐ.എ കേരളത്തില്‍ നടത്തിയ പ്രധാന ഓപ്പറേഷനുകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ തന്നെ കേരള പൊലീസില്‍ നിന്നും ഡെപ്യൂട്ടേഷന് പോയ ഉദ്യോഗസ്ഥരായിരുന്നു എന്നതും ഓര്‍ക്കണം.

ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ആക്രമണങ്ങളെ നേരിട്ട പരിചയ സമ്പന്നരല്ല കേരള പൊലീസ്. പരിശീലനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിനും അപ്പുറം കാര്യങ്ങളെ ഗൗരവമായി കാണാന്‍ സര്‍ക്കാരും തയ്യാറാവണം.

ക്രമസമാധാന ചുമതലയില്‍ മിടുക്കരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പരിഗണന ഒരിക്കലും അരുത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളെ ഉദ്യോഗസ്ഥരെ ഒതുക്കാനുള്ള വിഭാഗമാക്കി മാറ്റരുത്. നഗരങ്ങളില്‍ ആയാലും ഗ്രാമങ്ങളില്‍ ആയാലും പൊലീസിങ് ശക്തമാക്കണം. രഹസ്യ പൊലീസിന്റെ പ്രവര്‍ത്തനമാണ് ഇതില്‍ പ്രധാനം.

തീവ്രവാദികള്‍ എന്തെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍ അത് നേരിടാന്‍ കോണ്‍സ്റ്റബിള്‍ മുതല്‍ ഐ.പി.എസുകാരന്‍ വരെ സന്നദ്ധരായിരിക്കണം.

മുംബൈയില്‍ സ്‌ഫോടനം നടന്നപ്പോള്‍ ധൈര്യപൂര്‍വ്വം പ്രത്യാക്രമണം നടത്തി മരണം വരിച്ച കര്‍ക്കരെ ഉള്‍പ്പെടയുള്ള ഉദ്യോഗസ്ഥരുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ നാം ഓര്‍ക്കാതെ പോകരുത്. അത് സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള പലരും അന്ന് ഫീല്‍ഡില്‍ ഇറങ്ങിയിരുന്നില്ല എന്നതാണ്. ഇതു സംബന്ധമായി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതായിരുന്നു.

കര്‍ക്കരെ ഉള്‍പ്പെടെയുള്ളവരുടെ മഹത്വം രാജ്യത്തിന് അപ്പോഴാണ് മനസ്സിലായത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിട്ടും കീഴുദ്യോഗസ്ഥരെ പറഞ്ഞയച്ച് തല ഊരുകയല്ല ഈ ഐ.പി.എസുകാരന്‍ ചെയ്തത്. ഭീകരതയെ നേരിടാന്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു.

അതുകൊണ്ടാണ് അദ്ദേഹത്തിന് വെടിയേറ്റ് മരിക്കേണ്ടി വന്നത്. ഫീല്‍ഡിലുള്ള എല്ലാ ജൂനിയര്‍ ഉദ്യാഗസ്ഥര്‍ക്കും ആത്മവീര്യം നല്‍കുന്നതാണ് സീനിയര്‍ ഉദ്യോഗസ്ഥരുടെ സജീവ സാന്നിധ്യം.

Top