IPS Officer begged to get in charge of law and order

രു പൊലീസ് ഉദ്യോഗസ്ഥന് എത്ര മാത്രം തരം താഴാന്‍ പറ്റുമെന്ന് ഇപ്പോള്‍ സംസ്ഥാനത്തെ ഒരു സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ തെളിയിച്ചിരിക്കുകയാണ്. നിരവധി ആരോപണങ്ങളില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ ഉദ്യോഗസ്ഥന്‍ തനിക്കെതിരായി മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാന്‍ ക്രൈം റിപ്പോര്‍ട്ടര്‍മാരുടെ മുന്നിലാണ് ഇതുവരെ യാചിച്ചതെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ മാറിയതോടെ കളം മാറ്റി ചവിട്ടി തന്ത്രപ്രധാനമായ തസ്തികക്ക് വേണ്ടി പരക്കം പായുകയാണ്.

ഗുരുതര കുറ്റത്തിന് മുന്‍പ് നടപടിക്ക് വിധേയനായ ഈ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ മകളുടെ മുന്‍പില്‍ പത്‌നി സമ്മേതം നടത്തിയ കണ്ണീര്‍ നാടകത്തിനൊടുവിലാണ് ഉദ്യോഗകയറ്റം തന്നെ ലഭിച്ചത്. ഇതു സംബന്ധമായ ഫയല്‍ പരിശോധിച്ചാല്‍ തന്നെ ബാഹ്യ ഇടപെടല്‍ പകല്‍ പോലെ വ്യക്തമാകും. ഒപ്പം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യവും.

ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും രണ്ട് തോണിയില്‍ കാല് വയ്ക്കാന്‍ ‘മിടുക്കനായ’ ഈ ഉദ്യോഗസ്ഥന്റെയത്ര തൊലിക്കട്ടിയുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ ഇന്ന് കേരള പൊലീസില്‍ തന്നെ ഒരുപക്ഷേ ഉണ്ടാവില്ല.

ഒരു നിയമനത്തിന് വേണ്ടി ആവശ്യമുന്നയിക്കുന്നവരുണ്ടാകാം , ഇടപെടല്‍ നടത്തുന്നവരുണ്ടാകാം പക്ഷേ കാലു പിടിച്ച് പൊട്ടിക്കരയുന്ന കാക്കിധാരികള്‍ ഉണ്ടാകുമോ?

ഇപ്പോള്‍ ഒരവസരം തന്നില്ലെങ്കില്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ഛോട്ടാ നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെയുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഏര്‍പ്പാട് എന്തായാലും നല്ല ഉദ്ദേശത്തിനല്ല. സര്‍വ്വീസില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെ തെറിപ്പിച്ചാണ് റെയ്ഞ്ചിലേക്ക് ചുവടുമാറ്റാനുള്ള ശ്രമം.

ഐപിഎസ് ഉന്നതന്റെ ‘സ്വപ്‌നം’ യാഥാര്‍ത്ഥ്യമാക്കാന്‍ വന്‍കിട ബിസിനസ് പ്രമുഖര്‍ അടക്കം ചില കേന്ദ്രങ്ങളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് അണിയറ സംസാരം.

ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ സോളാര്‍ അടക്കമുള്ള വിഷയങ്ങളില്‍ ആരോപണവിധേയനായ എഡിജിപിയെ തെറിപ്പിച്ചതിനാല്‍ കളങ്കിതരായ ഉദ്യോഗസ്ഥരുടെ നില പരുങ്ങലിലാവുമെന്ന അഭ്യൂഹമുയര്‍ന്നതാണ് മറുതന്ത്രവുമായി രംഗത്തിറങ്ങാന്‍ ഈ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചതത്രെ.

‘ശല്യം’ ഒഴിവാക്കാന്‍ എവിടെയെങ്കിലും നിയമിച്ച് തുലക്കട്ടെ എന്ന അഭിപ്രായം വരെ ഒരു ഉന്നത നേതാവ് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

Top