ഐ.പി.എസ്-ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

IPS

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ് കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുന്നതും ഉദ്യോഗക്കയറ്റമടക്കമുള്ള കാര്യങ്ങളില്‍ പട്ടിക തയ്യാറാക്കുന്നതും.

സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. നടപടി സംബന്ധമായ കാര്യങ്ങള്‍ പിന്നീട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറാതെ തന്നെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരെ വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നേരിട്ട് ഐ.പി.എസ് നേടുന്ന ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് പോകാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്.

ഇത്തരം ഉദ്യോഗസ്ഥര്‍ ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗരാണെങ്കില്‍ ഡെപ്യൂട്ടഷന് ‘പോത്സാഹിപ്പിക്കേണ്ടതില്ല’ന്നാണ് തീരുമാനമത്രെ. പൊലീസ് മെഡലുകള്‍, പ്രമോഷന്‍ സംബന്ധിച്ച കാര്യങ്ങളിലും വേണ്ടിവന്നാല്‍ ‘ഇടപെടല്‍’ നടത്തുവാനാണ് നീക്കം.

കേരളം, ബംഗാള്‍, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഐ.പി.എസ്-ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായി ആര്‍.എസ്.എസ് നേതൃത്വം തന്നെ പരാതിയുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

കേരളത്തിന് കൂടുതല്‍ ഡി.ജി.പി കേഡര്‍ തസ്തിക അനുവദിക്കണമെന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കേണ്ടതില്ലന്ന നിലപാടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍Related posts

Back to top