ഐ.പി.എസ് തസ്തികകളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി പിണറായി സർക്കാർ

ips

സംസ്ഥാന പൊലീസ് തലപ്പത്ത് വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ വലിയ പൊളിച്ചെഴുത്താണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ സംസ്ഥാനത്തെ പൊലീസ് ജില്ലകളെ പുന:ക്രമീകരിക്കുകയും പുതിയ റെയ്ഞ്ച് സൃഷ്ടിക്കാനുമുള്ള ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

നിലവില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നീ നാല് റെയ്ഞ്ച് ഐ.ജി തസ്തികകളാണ് ക്രമസമാധാന ചുമതലയില്‍ ഉള്ളത്. ഇത് അഞ്ചാക്കി ഉയര്‍ത്തുവാനാണ് നീക്കം മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക റെയ്ഞ്ച് രൂപീകരിച്ച് അവിടെ വിദഗ്ദ പരിശീലനം ലഭിച്ച ഐ.പി.എസുകാരനെ നിയമിക്കണമെന്നത് വളരെ മുന്‍പ് ഉയര്‍ന്ന ആവശ്യമായിരുന്നു. പുതിയ റെയ്ഞ്ച് വരുന്നതോടെ അതിന് പരിഹാരമാകും.

നോര്‍ത്ത് സോണിലും സൗത്ത് സോണിലുമായി രണ്ട് എ.ഡി.ജി.പി തസ്തികകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ നോര്‍ത്ത് സോണില്‍ ഡി.ജി.പി തസ്തികയിലുണ്ടായിരുന്ന രാജേഷ് ദിവാന്‍ റിട്ടയര്‍ ചെയ്തതിനു ശേഷം ഇതുവരെ പകരം നിയമനം നടത്തിയിട്ടില്ല.

നിലവില്‍ സൗത്ത് സോണ്‍ എ.ഡി.ജി.പി അനില്‍ കാന്തിനു തന്നെയാണ് നോര്‍ത്ത് സോണിന്റെയും താല്‍ക്കാലിക ചുമതല. ഇവിടെ പുതിയ എ.ഡി.ജി.പിയെ നിയമിക്കാത്തത് ഉടനെ വരുന്ന അഴിച്ചുപണി മുന്‍ നിര്‍ത്തിയാണെന്നാണ് ലഭിക്കുന്ന വിവരം. സോണലുകളില്‍ ഇനി എ.ഡി.ജി.പിമാര്‍ക്ക് പകരം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നിയമനം നല്‍കുക. രണ്ട് സോണല്‍ ഐ.ജിമാരെയും എ.ഡി.ജി.പി ഓപ്പറേഷനു കീഴില്‍ തന്നെ ആക്കാനാണ് ഇപ്പോഴത്തെ ആലോചന.

ഇതോടൊപ്പം തിരുവനന്തപുരം – കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍മാരുടെ തസ്തിക ഐ.ജി റാങ്കാക്കി ഇവിടെ കമ്മീഷണറേറ്റ് ആക്കി മാറ്റും.ഇവരുടെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ നേരിട്ട് എ.ഡി.ജി.പി ഓപ്പറേഷന്‍സ് ആയിരിക്കും.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗകയറ്റം നല്‍കാന്‍ ഉള്‍പ്പെടുത്തിയ പാനലിലെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രം അംഗീകരിക്കുന്നതോടെ പുതിയ പരിഷ്‌കാരം നടപ്പാക്കി ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ നീക്കം. തസ്തികകള്‍ പുന:ക്രമീകരിക്കുന്നതോടെ പൊലീസ് തലപ്പത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാറിനു സാധിക്കും.

തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ് വരുന്നത് സംസ്ഥാനത്തെ ഐ.എ.എസ് ലോബിയെ സംബന്ധിച്ച് വന്‍ തിരിച്ചടിയാകും. കഴിഞ്ഞ സര്‍ക്കാറുകളുടെ കാലത്ത് കമ്മീഷണറേറ്റ് കൊണ്ടുവരാനുള്ള ഫയല്‍ ചുവപ്പ് നാടയില്‍ കുരുക്കി പാര വച്ചത് ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്നു. ഐ.എ.എസുകാരായ ജില്ലാ കളക്ടര്‍മാരുടെ അധികാരം നഷ്ടമാകുന്നതിലെ അരിശമായിരുന്നു ഈ നീക്കത്തിനു പിന്നില്‍.

കമ്മീഷണറേറ്റ് വന്നാല്‍ ഗുണ്ടാലിസ്റ്റ് ഉണ്ടാക്കാനും കരുതല്‍ തടങ്കലില്‍ വയ്ക്കാനും തുടങ്ങി ജില്ല കളക്ടര്‍മാര്‍ അനുമതി നല്‍കേണ്ട നിരവധി കാര്യങ്ങള്‍ പൊലീസ് കമ്മീഷണര്‍മാര്‍ക്ക് സ്വന്തം നിലക്ക് തന്നെ ചെയ്യാന്‍ കഴിയും.

അതേ സമയം മുന്‍കാലങ്ങളില്‍ നടത്തിയതു പോലെ ഇത്തവണയും മുഖ്യമന്ത്രിയെ സ്വാധീനിച്ച് കമ്മീഷണറേറ്റിന് പാരവയ്ക്കുന്ന ഏര്‍പ്പാട് നടത്താന്‍ ഉദ്യോഗസ്ഥ ലോബി തയ്യാറല്ല.മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നതും മുന്‍പ് ലഭിച്ച കയ്‌പേറിയ അനുഭവം ഓര്‍ത്തും അമര്‍ഷം ഉള്ളില്‍ ഒതുക്കിയിരിക്കുകയാണ് അവര്‍. പൊലീസ് ഉന്നതരാകട്ടെ നിരവധി വര്‍ഷമായി ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെടുന്ന കാര്യം ഇപ്പോള്‍ നടപ്പായില്ലെങ്കില്‍ ഇനി ഒരവസരം ഉണ്ടാകില്ലെന്ന നിലപാടിലുമാണ്.

Top