ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കിയ ഐപിഎസുകാര്‍ മടങ്ങി വരാന്‍ ശുപാര്‍ശ. . .

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥര്‍ ഭൂരിഭാഗം പേരും കേന്ദ്രത്തിലേക്ക് മാറാന്‍ നീക്കം. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി ഉദ്യോഗസ്ഥര്‍ തിരികെ വരാത്തത് പൊലീസ് വകുപ്പിന് തലവേദനയാകുന്നു. മുന്‍പ് പോയവരെ സംസ്ഥാനത്തേക്ക് തിരികെ എത്തിക്കാന്‍ കേന്ദ്രത്തോട് ഡിജിപി ശുപാര്‍ശ ചെയ്തതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

നിലവില്‍ സംസ്ഥാനത്ത് സുപ്രധാന പദവികളില്‍ ഇരിക്കുന്ന മൂന്ന് മുതിര്‍ന്ന എഡിജിപിമാര്‍ കൂടി കേന്ദ്രത്തിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ കണക്കെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവുള്ളതായി കണ്ടെത്തിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍വ്വീസുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരികെ അയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഡിജിപി ശുപാര്‍ശക്കത്ത് നല്‍കിയത്. നിലവില്‍ സംസ്ഥാനത്ത് ആവശ്യത്തിന് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കേന്ദ്രത്തിലേക്ക് പോയാല്‍ പല പ്രധാന തസ്തികകളും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാവുക. എഡിജിപി അനില്‍കാന്ത്, പോലീസ് പരിശീലന സേനാവിഭാഗം മേധാവി ബി.സന്ധ്യ, തീരദേശ പൊലീസ് സേനാ മേധാവി സുധേഷ് കുമാര്‍ എന്നിവരാണ് കേന്ദ്രത്തിലേക്ക് പോകാന്‍ താല്‍പ്പര്യം കാണിച്ച് ഡിജിപിയ്ക്ക് കത്ത് നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന് ഏറെ അഭിമാനം നല്‍കിയ ജിഷാ വധക്കേസ് ഉള്‍പ്പടെയുള്ള നിര്‍ണ്ണായക കേസുകള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥയാണ് എഡിജിപി ബി.സന്ധ്യ. എഡിജിപി അനില്‍കാന്ത്, നടിയെ അക്രമിച്ച കേസിലെ അന്വേഷണ സംഘത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനാണ്. എഡിജിപി സുധേഷ്‌കുമാറാകട്ടെ, മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ സംസ്ഥാന പൊലീസ് സേനയുടെയും സര്‍ക്കാരിന്റെയും കണ്ണിലെ കരടായിരുന്നു. കേന്ദ്രത്തില്‍ ഒഴിവു വരുന്ന മുറയ്ക്ക് മൂന്നുപേര്‍ക്കും ഉടന്‍ കേന്ദ്രനിയമനം ലഭിക്കുമെന്നാണ് സൂചന.

മൂന്നുപേര്‍ക്കും വൈകാതെ കേന്ദ്ര ആഭ്യന്തരവകുപ്പ് എംപാനല്‍മെന്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എസ് പിമാര്‍ നാലുവര്‍ഷവും, ഐജിമാര്‍ അഞ്ച് വര്‍ഷവും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തുടരണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കേരളം വിടുന്നവരില്‍ പലരും തിരിച്ചെത്താന്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് തന്നെ വ്യക്തമാക്കുന്നത്. ഡിജിപി ഗ്രേഡ് ലഭിക്കുമ്പോള്‍ മാത്രമാണ് പല ഉദ്യോഗസ്ഥരും കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യം കാണിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനമാണ് ഇങ്ങനെ തിരിച്ചെത്തുന്നവര്‍ ലക്ഷ്യം വെക്കുന്നത്. ഇതു പലപ്പോഴും പൊലീസ് തലപ്പത്തെ ശീതസമരത്തിന് ഇടയാക്കാറുമുണ്ട്. അതേസമയം, സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഡിജിപി ലോക്നാഥ് ബെഹ്റ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ നേരില്‍ കണ്ട് ഉദ്യോഗസ്ഥക്ഷാമം അറിയിക്കാനും നീക്കം നടക്കുന്നുണ്ട്.

Top