സുനില്‍ നരെയ്‌ന്റെ വെടിക്കെട്ട്; കൊല്‍ക്കത്തക്ക്‌ മുന്നില്‍ മുട്ടുമടക്കി ബംഗളുരു

കൊല്‍ക്കത്ത: സുനില്‍ നരെയ്‌ന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരിവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ബംഗളുരു ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ നേടിയ ബംഗളുരുവിനെ വീഴ്ത്തിയത് സുനില്‍ നരെയ്‌ന്റെ ബാറ്റിങ് മികവാണ്. 17 പന്തില്‍ അര്‍ധസെഞ്ചുറി നേടി നരെയ്ന്‍ നല്‍കിയ മിന്നുന്ന തുടക്കത്തില്‍ നിന്ന് കൊല്‍ക്കത്ത പിന്നോട്ട് പോയില്ല. 25 പന്തില്‍ 34 റണ്‍സെടുത്ത നിതീഷ് റാണയും 29 പന്തില്‍ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികും മികച്ച പിന്തുണ നല്‍കി. ബംഗലൂരുവിനായി നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഉമേഷ് യാദവ് ബൗളിംഗില്‍ തിളങ്ങി.

തുടക്കത്തിലെ ക്വിന്റണ്‍ ഡീകോക്കിനെ(4) നഷ്ടമായ ബംഗളുരുവിന് ബ്രണ്ടന്‍ മക്കല്ലത്തിന്റെ തകര്‍പ്പനടികളാണ് കരുത്തായത്. 27 പന്തില്‍ 44 റണ്‍സടിച്ച മക്കല്ലം പുറത്തായശേഷം കരുതലോടെ കളിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ബംഗലൂരുവിനെ മികച്ച സ്‌കോറിലെത്തിച്ചു. 23 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തിയ ഡിവില്ലിയേഴ്‌സ് ടോപ് ഗിയറിലായതോടെ ബംഗളുരു 200 കടക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഡിവില്ലിയേഴ്‌സിനെ നിതീഷ് റാണ വീഴ്ത്തിയതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. എന്നാല്‍ അവസാന ഓവറുകളില്‍ മന്‍ദീപ് സിംഗ് ആളിക്കത്തിയതോടെ ബംഗലൂരു സ്‌കോര്‍ 176ല്‍ എത്തി. കൊല്‍ക്കത്തയ്ക്കായി നിതീഷ് റാണയും വിനയ്കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തി.

Top