ഐപിഎൽ; മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്

ദുബായ് : ഐപില്‍ ചരിത്രത്തില്‍ ആദ്യമായി ഇരട്ട സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. നിശ്ചിത ഓവറില്‍ മുംബൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഇന്നിങ്‌സ് 176-ല്‍ അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ഉയര്‍ത്തിയ ആറു റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് അഞ്ചു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെയാണ് മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. മുംബൈക്കായി ആദ്യ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കുമാണ്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടന്നു. കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈക്കായി ക്രീസിലെത്തിയത്.

പഞ്ചാബിനായി കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ചുറി നേടി. 51 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം രാഹുല്‍ 77 റണ്‍സെടുത്തു. അതേസമയം മുംബൈക്കായി ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. മുംബൈ നിരയിലെ ടോപ് സ്‌കോറര്‍ അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ്. അവസാന ഓവറുകളില്‍ കെയ്റോണ്‍ പൊളളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നെയ്‌ലും ചേർന്ന് മുംബൈയെ 176ല്‍ എത്തിച്ചു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വെറും 21 പന്തില്‍ നിന്ന് 57 റണ്‍സാണ് അടിച്ചെടുത്തത്.

Top